സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു
പാലക്കാട്: ചിത്രകഥാ രചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ (93) അന്തരിച്ചു. 1960കളിലും 70കളിലും ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിച്ചു. 123 ചിത്രകഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നത്. ഇരുമ്പുകൈ മായാവി, സിഐഡി മൂസ, സിഐഡി മഹേഷ്, ബോയിംഗ് ബോയിംഗ് എന്നിവയാണ് പ്രശസ്ത രചനകൾ.
കണ്ണാടി വിശ്വനാഥൻ എന്ന പേരിലാണ് ചിത്രകഥകൾ രചിച്ചിരുന്നത്. കുറ്റാന്വേഷണ കഥകളായിരുന്നു ഇവയിൽ കൂടുതലും. തമിഴിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയാണ് ആദ്യകാല രചനകൾ. 1983ൽ പുറത്തിറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാണ് അവസാന രചന.
ചുങ്കമന്ദം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932ൽ പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പത്താം ക്ളാസിൽ പഠനം നിർത്തിയതിനുശേഷം ചെന്നൈയിലെത്തി തുന്നൽ ജോലി ചെയ്തു. 32ാം വയസിൽ നാട്ടിൽ തിരിച്ചെത്തി കുന്നത്തൂർമേട് അച്യുതൻ ബുക്ക് ഹൗസിന്റെ കെട്ടിടത്തിൽ തുന്നൽ കടയാരംഭിച്ചു. ബുക്ക് ഹൗസിനുവേണ്ടി ചിത്രകഥകൾ മൊഴിമാറ്റാമോയെന്ന ഉടമ അച്യുതന്റെ ചോദ്യമാണ് വിശ്വനാഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ടമാർ പഠാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദ അമ്മയാണ് ഭാര്യ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് ചന്ദ്രനഗർ വൈദ്യുത ശ്‌മശാനത്തിൽ.