പര്യത്തുകാവ് കോളനി ഒഴിപ്പിക്കൽ 23ന് പുനരാരംഭിക്കണമെന്ന് മുനിസിഫ് കോടതി
കോലഞ്ചേരി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് കോളനി നിവാസികളെ കുടിയൊഴിപ്പിക്കുന്ന നടപടി 23ന് പുനരാരംഭിക്കണമെന്ന് പെരുമ്പാവൂർ മുനിസിഫ് കോടതി ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കലിന്റെ മേൽനോട്ട ചുമതലയുള്ള മുനിസിഫ് കോടതി ഉത്തരവിട്ടു.
ബുധനാഴ്ച നടന്ന ഒഴിപ്പിക്കൽ ശ്രമം സംഘർഷത്തിന് കാരണമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നടപടികൾ നിറുത്തിവച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചെന്നിത്തല ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നിർദ്ദേശം നൽകി. തുടർന്ന് ഡി.ജി.പിയിൽ നിന്ന് ഇന്നലെ രമേശ് ചെന്നിത്തല റിപ്പോർട്ടു തേടി.
അതേസമയം,കോളനി നിവാസികളെ ഒഴിപ്പിച്ച് ഭൂമി ഉടമയ്‌ക്ക് കൈമാറൽ 23ന് പൂർത്തിയായില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും നടപടി തുടരുമെന്ന് മുനിസിഫ് സുമി ചന്ദ്രന്റെ ഉത്തരവിലുണ്ട്. 25ന് വൈകിട്ട് മൂന്നിന് നടപടികളുടെ ആമീൻ റിപ്പോർട്ട് സമർപ്പിക്കണം.
സമരം ഏറ്റെടുത്ത്
സി.പി.എം
പര്യത്ത്കാവിലെ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരം എൽ.ഡി.എഫ് ഏറ്റെടുത്തു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ പി. രാജീവ് കോളനി സന്ദർശിച്ചു. പുറമ്പോക്ക് ഭൂമിയുടെ സർവേ പൂർത്തീകരിച്ച് പട്ടയം നൽകുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുണും കോളനിയിലെത്തി. പത്തു വർഷമായി ഈ പ്രശ്നം പരിഹരിക്കാത്ത സി.പി.എം ഇപ്പോൾ സംരക്ഷകരായി എത്തുന്നത് ഇരട്ടത്താപ്പാണെന്ന് സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി പ്രദീപ് കുന്നുകര ആരോപിച്ചു.