SignIn
Kerala Kaumudi Online
Thursday, 21 May 2026 12.44 PM IST

വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കൃഷി തുടങ്ങി; യൂത്ത് ഐക്കൺ പുരസ്‌‌കാരം നേടിയ കൊല്ലംകാരന്റെ സക്‌സസ് സ്റ്റോറി

vishnu-raj

മികച്ച ജീവിതസാഹചര്യങ്ങളും വരുമാനവും സുഖസൗകര്യങ്ങളും തേടി ചെറുപ്പക്കാർ വിദേശങ്ങളിലേയ്ക്ക് ചേക്കേറുമ്പോൾ ഗൾഫിലെ സ്വപ്‌നതുല്യമായ ജോലി ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങുകയായിരുന്നു കൊല്ലംകാരനായ 29കാരൻ വിഷ്ണു രാജ്. പാചകത്തോടുള്ള താത്‌പര്യംകൊണ്ട് ബിഎസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചു. സൗദി അറേബ്യയിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ റെസ്റ്റോറന്റ് സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചു. അഞ്ച് വർഷം വിദേശത്തായിരുന്നപ്പോഴും വിഷ്ണു രാജിന്റെ മനസിൽ കൃഷിയുടെ കുളിമർയായിരുന്നു. ഒടുവിൽ മനസ് പറയുന്നത് കേൾക്കാൻ തീരുമാനിക്കുകയും തിരികെ നാട്ടിലെത്തി പൂർണസമയം കൃഷിക്കാരനാവുകയും ചെയ്തു.

കൊല്ലം പുതുച്ചിറ സ്വദേശിയാണ് വിഷ്ണുരാജ് ആർ. പിതാവ് രാജാ റാവു, മാതാവ് സുധർമണി, അനുജൻ വിനായക് രാജ് എന്നിവരടങ്ങുന്നതാണ് കുടുംബം. രണ്ടരവർഷം മുൻപ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോൾ ബന്ധുക്കളും നാട്ടുകാരും വിഷ്ണുവിനെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തെങ്കിലും കുടുംബം ഒപ്പം നിന്നു. വിഷ്ണുവിന്റെ മാതാപിതാക്കളും കൃഷി ചെയ്തിരുന്നവരാണ്. വീട്ടിൽ മത്സ്യക്കൃഷിയും പച്ചക്കറിക്കൃഷിയുമുണ്ടായിരുന്നു. അനുജനും കൃഷിയോട് ഏറെ താത്‌പര്യമുള്ളയാളാണ്. അബുദാബിയിൽ ജോലി ചെയ്യുന്ന അനുജനാണ് വിഷ്ണുവിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും സാമ്പത്തിക സഹായങ്ങൾ ചെയ്തതും.

vishnu-raj

കുട്ടിക്കാലം മുതൽ കൃഷിയോട് താത്‌പര്യമുണ്ടായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ല. ഗൾഫിലെ ജോലിയിൽ നിന്ന് അഞ്ചുവർഷംകൊണ്ട് സമ്പാദിച്ച പണമായിരുന്നു കൃഷിക്കായുള്ള മൂലധനം. നാട്ടിലെത്തി ആദ്യമേ തന്നെ കൃഷി ചെയ്യാൻ വിഷ്ണു മുതിർന്നില്ല. പരമ്പരാഗത കൃഷിക്കാരിൽ നിന്ന് ആദ്യപാഠങ്ങൾ പഠിച്ചു. നാടിന്റെ കൃഷിരീതികളും മനസിലാക്കി. മണ്ണിനെ അറിഞ്ഞു, വിത്തുകളെക്കുറിച്ച് പഠിച്ചു.

ആദ്യത്തെ ഒരു വർഷം പരീക്ഷണ കാലമായിരുന്നു. പിതാവിന്റെ സഹോദരി കൃഷി ചെയ്യുന്നതിനായി 50 സെന്റ് സ്ഥലം നൽകി. ചീര, പയർ, തക്കാളി, വെണ്ട, പാവൽ തുടങ്ങിയവയായിരുന്നു ആദ്യം നട്ടത്. സ്വയം പഠിച്ചും തിരുത്തിയുമുള്ള കൃഷി വിജയകരമാവുകയും ആളുകൾ അംഗീകരിക്കുകയും ചെയ്തതോടെ കൃഷിയിൽതന്നെ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വിഷ്ണു ഇപ്പോൾ.

'വിഷ്ണൂസ് ഡ്രീം ലൈഫ്' എന്ന പ്രോജക്ടിനുകീഴിൽ സംസ്ഥാനത്തുടനീളം കിച്ചൺ ഗാർഡൻ, പെപ്പർ ഫാമിംഗ് തുടങ്ങിയവ ചെയ്ത് നൽകുകയാണ് വിഷ്ണു ചെയ്യുന്നത്. കൃഷിയിനത്തിനും സ്ഥല വിസ്‌തൃതിക്കുമനുസരിച്ചാണ് പണം ഈടാക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പത്തോളം ജീവനക്കാരുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്തു നൽകുന്നു. മാത്രമല്ല, കൃഷി പരിപാലനത്തെക്കുറിച്ചും വിത്തുകളെക്കുറിച്ചുമെല്ലാം അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും. സമൂഹമാദ്ധ്യമ സന്ദേശങ്ങളിലൂടെ കൃഷി സംബന്ധമായി ഉയരുന്ന ഏതൊരു ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരവും നൽകുന്നു.

ഭാവിയിൽ പദ്ധതി വികസിപ്പിച്ച് വിപുലമായ കോഴ്‌സുകളും വർക്ക്‌ഷോപ്പുകളും ക്രമീകരിക്കാനുള്ള ആലോചനയിലാണ് വിഷ്ണു. രാസവളങ്ങളെ ഒട്ടുംതന്നെ ആശ്രയിക്കാത്തതിനാൽ വിഷ്ണുവിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് ഡിമാൻഡേറെയാണ്. പക്ഷിമൃഗാദികളുടെ വിസർജ്യംകൊണ്ട് വളം സ്വന്തമായി നിർമിക്കുന്നതിനാൽ ആശങ്ക ഒട്ടും തന്നെയില്ലാതെ വിശ്വാസ്യതയോടെ കാർഷിക ഉത്പന്നങ്ങൾ ഉപയോഗിക്കാം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഓർഡർ എടുക്കുന്നത്. മണ്ണിനെ ആശ്രയിക്കാതെയുള്ള കൃഷിരീതിയായ എയറോപോണിക്‌സാണ് വിഷ്ണുവിന്റെ ഭാവി പരിപാടി. നിലവിൽ ഓണത്തിനായുള്ള പൂക്കൃഷിയാണ് ചെയ്യുന്നത്.

vishnu-raj

വിഷ്ണുവിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനും അർഹനാക്കി. സംസ്ഥാന യുവജന കമ്മിഷന്റെ ഇക്കൊല്ലത്തെ യൂത്ത് ഐക്കൺ പുരസ്‌കാരമാണ് വിഷ്ണുവിനെ തേടിയെത്തിയത്. കാർഷിക വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

vishnu-raj

തന്നിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏറെപ്പേർ ക‌ൃഷിയിൽ താത്‌പര്യം പ്രകടിപ്പിക്കുന്നത് സന്തോഷം നൽകുന്നുവെന്ന് വിഷ്ണു പറയുന്നു. ഒരുപാട് ചെറുപ്പക്കാർ കൃഷിയിലേയ്ക്ക് എത്തുന്നുണ്ട്. തന്റെ തുടക്കകാലത്ത് ക‌ൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നുനൽകാൻ ആരുമില്ലായിരുന്നു. അതിനാലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സൗജന്യമായി ക‌ൃഷിസംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നത്. ദിവസേന നൂറിലധികം പേർ വിളിക്കാറുണ്ട്. ഇത് നാടിന്റെ നല്ലതിനാണെന്ന ബോദ്ധ്യം സംത‌ൃപ്തി നൽകുന്നുവെന്നും വിഷ്ണു പറഞ്ഞു.

A post shared by Vishnu's Dream Life (@vishnus_dreamlife)


A post shared by Vishnu's Dream Life (@vishnus_dreamlife)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOLLAM, AGRICULTURE, YOUTH ICON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA