പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് നാല് ജീവപര്യന്തവും 35 വർഷം തടവും

Saturday 30 May 2026 12:00 AM IST

ആലുവ: വീട്ടിൽ സഹോദരനൊപ്പം ഉറക്കത്തിലായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാംപ്രതിക്ക് നാലു ജീവപര്യന്തവും പുറമെ 35 വർഷം തടവും 20.81 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽവീട്ടിൽ ക്രിസ്ത്യൻരാജിനെയാണ് (36) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.

2023 സെപ്തംബർ ആറിന് പുലർച്ചെ മൂന്നോടെയാണ് എടയപ്പുറം ചാത്തൻപുറം റോഡിലെ വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബീഹാർ സ്വദേശിയുടെ കുട്ടിയെ പീഡിപ്പിച്ചത്. ചാത്തൻപുറം പാടശേഖരത്തിലെ ഉപയോഗശൂന്യമായ മോട്ടോർ ഷെഡിലെത്തിച്ചായിരുന്നു പീഡനം. കുട്ടി ഇടയ്ക്ക് കരഞ്ഞെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മണിക്കൂറുകൾക്കുശേഷം രക്തംവാർന്നനിലയിൽ കുട്ടി നിരങ്ങി റോഡിലേക്ക് വരുമ്പോൾ വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. അടുത്തദിവസം ആലുവ പെരിയാർ ഹോട്ടൽ പരിസരത്തുനിന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മോഷണം ഉൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ്.

എസ്.പി ആയിരുന്ന വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിആയിരുന്ന എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.