കന്റോൺമെന്റ് ഹൗസിൽ മാരത്തോൺ ചർച്ച

Sunday 17 May 2026 2:17 AM IST

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് മാരത്തോൺ ചർച്ചയാണ് അരങ്ങേറിയത്. മുന്നണി യോഗത്തിന് മുമ്പായി ധാരണയിലെത്താൻ മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷി നേതാക്കൾ വി.ഡി.സതീശനെ കന്റോൺമെന്റ് ഹൗസിലെത്തി പ്രത്യേകമായാണ് കണ്ടത്.

ഇതിനിടെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചെത്തിയവരെ സ്വീകരിക്കാനും സമയം കണ്ടെത്തി. കൊച്ചിയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് കന്റോൺമെന്റ് ഹൗസിലെത്തിയത്. കേരളകോൺഗ്രസ് (ജേക്കബ് ) നേതാവ് അനൂപ് ജേക്കബ് ആദ്യമെത്തി. പിന്നാലെ വന്ന കേരളാകോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫും മോൻസ് ജോസഫും രണ്ടുമന്ത്രി എന്ന ഡിമാന്റിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. മന്ത്രിസ്ഥാനം നേരത്തെതന്നെ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മാണി സി.കാപ്പനും ചർച്ചയിൽ പറഞ്ഞു.ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നായിരുന്നു പിന്നാലെ എത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും നേതാക്കളായ എൻ.കെ.പ്രേമചന്ദ്രനും എ.എ.അസീസും മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും പിന്നാലെ എത്തി. 11.30ഓടെ രമേശ് ചെന്നിത്തലയെ കാണാനായി അദ്ദേഹത്തിന്റെ വഴുതക്കാട്ടെ വസതിയിലേക്ക് വി.ഡി.സതീശൻ പോയി. രമേശുമായി പത്തുമിനിട്ടോളം സംസാരിച്ചു. മന്ത്രിസഭയിൽ ചേരുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകി. ആഭ്യന്തര വകുപ്പ് നൽകുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തു.

പിന്നാലെ നന്ദാവനത്തെ പാണക്കാട് ഹൗസിലെത്തി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കണ്ടു. മുനവ്വറലി ശിഹാബ്തങ്ങൾ,കുഞ്ഞാലിക്കുട്ടി,എം.കെ.മുനീർ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. തുടർന്ന് നാലാഞ്ചിറയിലെ കെ.സി. വേണുഗോപാലിന്റെ വസതിയിലേക്കാണ് സതീശൻ പോയത്. 20 മിനിട്ട് ചർച്ചയ്ക്കുശേഷം തിരിച്ചിറങ്ങിയ ഇരുവരും നിറഞ്ഞ ചിരിയോടെയാണ് മാദ്ധ്യമങ്ങളെ കണ്ടത്.

മടങ്ങിയെത്തിയ വി.ഡി.സതീശനെ കാണാൻ ഷാളുകളും പൂച്ചെണ്ടുകളുമായി നിരവധിപ്പേരാണ് കാത്തുനിന്നത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലെ ഭരണസമിതികളിലും സ്ഥാനമുറപ്പിക്കാൻ എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സി.പി.എമ്മിനെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ച നിയുക്ത എം.എൽ.എമാരായ വി.കുഞ്ഞിക്കൃഷ്‌ണൻ, ടി.കെ.ഗോവിന്ദൻ എന്നിവരും വി.ഡി.സതീശനെ സന്ദർശിച്ചു. നാലോടെ അദ്ദേഹം കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ചുള്ള ചർച്ചകൾക്കായി കെ.പി.സി.സി ഓഫീസിലേക്ക് പോയി. ഇന്ന് ഉച്ചയോടെ അന്തിമ പട്ടിക പ്രഖ്യാപിച്ച ശേഷം ഗവർണർക്ക് സമർപ്പിക്കാനാണ് നീക്കം.