പിണറായിയും സുധാകരനും  മുഖാമുഖം; ചിരി വിടർന്നില്ലെങ്കിലും പ്രസന്നഭാവം

Friday 22 May 2026 2:35 AM IST

തിരുവനന്തപുരം: തികച്ചും ആകാംക്ഷാഭരിതമായിരുന്നു മുൻമുഖ്യമന്ത്രി പിണറായിവിജയനും മുൻ മന്ത്രി ജി.സുധാകരനും ഇന്നലെ നിയമസഭയിൽ മുഖാമുഖം എത്തിയ നിമിഷങ്ങൾ.

പരിഭവത്തിന്റെ ദേഷ്യത്തിന്റെയോ തരിമ്പുമുണ്ടായില്ല. തെളിഞ്ഞ ചിരി വിടർന്നില്ലെങ്കിലും ഇരുവരുടെയും മുഖം പ്രസന്നമായിരുന്നു.

132-ാമനായി പിണറായി സഗൗരവം സത്യപ്രതിജ്ഞ ചെയ്തശേഷം നടപടികളുടെ ഭാഗമായി സ്പീക്കറുടെ വേദിയിലേക്ക് സാവധാനം പടവുകൾ കയറി. അപ്പോഴേക്കും സുധാകരൻ ഇരിപ്പിടം വിട്ടെഴുന്നേറ്റ് ആദരവോടെ അല്പം മുന്നോട്ട് ഇറങ്ങി നിന്നു. ഹസ്തദാനത്തിനിടെ ഇരുവരും ചുരുക്കം വാക്കുകൾ സംസാരിച്ചു. അതിനുശേഷം പിണറായി കൈകൂപ്പി. സുധാകരനാവട്ടെ പിണറായിയുടെ പുറത്ത് സ്നേഹപൂർവം മെല്ലെ തട്ടി. തുടർന്ന് പ്രതിപക്ഷ നേതാവ് മന്ത്രിമാരുടെ സമീപത്തേക്ക് നീങ്ങി.

സി.പി.എമ്മിനെ വെല്ലുവിളിച്ച് അമ്പലപ്പുഴയിൽ ജി.സുധാകരൻ യു.ഡി.എഫ് സ്വതന്ത്രനായതും അവിടെ പൊതുയോഗത്തിൽ പിണറായിവിജയൻ പ്രസംഗത്തിനിടെ സുധാകരൻ ചെയ്തത് 'ചെറ്റത്തരം' എന്ന പരാമർശം നടത്തിയതും തിരഞ്ഞെടുപ്പു കാലത്തെ വലിയ വിവാദമായിരുന്നു. നേരിട്ട് പിണറായിയെ ആക്രമിച്ചില്ലെങ്കിലും ജി.സുധാകരനും പാർട്ടിയെയും ചില നേതാക്കളെയും കടന്നാക്രമിക്കുകയും ചെയ്തിരുന്നു.