തിങ്ങിനിറഞ്ഞ് വി.ഐ.പി ഗാലറി

Friday 22 May 2026 3:37 AM IST

തിരുവനന്തപുരം: നിയമസഭയിലെ വി.ഐ.പി ഗാലറി ഇന്നലെ ഹൗസ് ഫുള്ളായിരുന്നു. പ്രിയപ്പെട്ടവരും സഹപ്രവർത്തകരും നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ നേരത്തെതന്നെ ഗാലറിയിൽ ഇരിപ്പുറപ്പിച്ചിരുന്നു.

മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഭാര്യ ലക്ഷ്മിപ്രിയ, മകൾ ഉണ്ണിമായ, ഭാര്യാമാതാവ് രമാദേവി എന്നിവർ വി.ഐ.പി ഗാലറിയിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തി. ഭാര്യ കെ.എ.തുളസിയുടെ സത്യപ്രതിജ്ഞ കാണാൻ വി.കെ.ശ്രീകണ്ഠൻ എം.പി എത്തിയിരുന്നു. ഷാഫിപറമ്പിൽ എം.പിയും ഒപ്പമുണ്ടായിരുന്നു. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ജെബിമേത്തർ, തിരുവനന്തപുരം മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മുൻ മന്ത്രിമാരായ പന്തളംസുധാകരൻ, കെ.സി.ജോസഫ്, കെ.പി.മോഹനൻ, ബി.ജെ.പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ്, കരമനജയൻ തുടങ്ങിയവരും വി.ഐ.പി നിരയിലുണ്ടായിരുന്നു. അതേസമയം, ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രൻ സന്ദർശക ഗാലറിയിലിരുന്നാണ് ചടങ്ങ് വീക്ഷിച്ചത്.