ആവേശമായി സത്യപ്രതിജ്ഞ , നിറഞ്ഞുകവിഞ്ഞ് ഗ്യാലറികൾ
തിരുവനന്തപുരം: നിറഞ്ഞുകവിഞ്ഞ സന്ദർശക ഗ്യാലറികളെ സാക്ഷിയാക്കിയായിരുന്നു എം.എൽ.എമാരുടെ സത്യപ്രതിജ്ഞ. സാമാജികരുടെ ബന്ധുക്കളും സുഹൃത്തുക്കളും പാർട്ടിക്കാരുമെല്ലാം പാസുമായി എത്തിയതോടെ സഭയിലും പുറത്തും വൻ തിരക്കായിരുന്നു. തിരക്കേറിയതോടെ ഗ്യാലറികളിൽ വാക്കേറ്റവുമുണ്ടായി. സീറ്റു കിട്ടാതിരുന്നതിന് ബഹളമുണ്ടാക്കിയ രണ്ടുപേരെ വാച്ച് ആൻഡ് വാർഡ് പുറത്താക്കുകയും ചെയ്തു.
ആറ് സന്ദർശക ഗ്യാലറികളും വി.ഐ.പി ഗ്യാലറിയും നിറഞ്ഞതോടെ തിരക്ക് നിയന്ത്രിക്കാൻ വാച്ച് ആൻഡ് വാർഡുമാർ ഏറെ പണിപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്യുന്ന സമയ പ്രകാരമാണ് കാണാനെത്തിയവരെ ഗ്യാലറികളിലേക്ക് കടത്തിവിട്ടത്. താഴത്തെ നിലയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വലിയ സ്ക്രീനുകളിൽ സത്യപ്രതിജ്ഞ കാണാൻ അവസരമൊരുക്കിയിരുന്നു. അവിടെയും ആളുകൾ നിറഞ്ഞു.
ഗ്യാലറികളിലും നിയമസഭാ വളപ്പിലുമെല്ലാം സെൽഫിയെടുക്കുന്നവരുടെ വൻ തിരക്കായിരുന്നു. സഭയ്ക്ക് മുന്നിലെ ഗാന്ധിപ്രതിമയുടെ അടുത്തുനിന്ന് ആളുകൾ സെൽഫിയെടുത്തു. ചടങ്ങിന് ശേഷം കൂട്ടമായി എടുത്ത ചിത്രങ്ങൾ പല യുവ എം.എൽ.എമാരും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ സഭയുടെ ഇടനാഴികളിൽ എം.എൽ.എമാരെ കാണാനും നിരവധി ആളുകളെത്തി.