ദുബായ് സെക്സ് റാക്കറ്റ്: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

Friday 22 May 2026 1:35 AM IST

കൊച്ചി: ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭ സംഘങ്ങൾക്ക് കാഴ്ചവയ്ക്കുന്ന റാക്കറ്റിലെ മുഖ്യആസൂത്രകനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കേന്ദ്രീകരിച്ച് മോഡലുകളെയും ബ്യൂട്ടീഷ്യൻമാരെയും റിക്രൂട്ട് ചെയ്ത ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി ശ്രീകുമാറിനെയാണ് (ബിലാൽ-42) ഇന്നലെ വൈകിട്ട് എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ദുബായിൽ നിന്ന് രക്ഷപ്പെട്ട് , മരട് പൊലീസിൽ പരാതി നൽകിയ ഫോർട്ട്കൊച്ചി സ്വദേശിയായ മോഡലിനെ വിദേശത്തേക്ക് അയച്ചതും ശ്രീകുമാറാണ്. മുംബയിൽ നിന്ന് പിടിയിലായ ഒന്നാം പ്രതി സ്റ്റോയ്‌സിയെ (സിന്ധു) ബുധനാഴ്ച രാത്രി എറണാകുളത്തെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീകുമാറിന്റെ പങ്ക് കൂടുതൽ വ്യക്തമായിരുന്നു. ഇരകളായ യുവതികൾക്കൊപ്പം ശ്രീകുമാറും ഭാര്യയും ദുബായിലെത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ശ്രീകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശ്രീകുമാർ പിടിയിലായതോടെ ദുബായ് സെക്‌സ് റാക്കറ്റിൽ അറസ്റ്റിലായവർ നാലായി. അതേസമയം, യുവതികളെ ദുബായിലേക്ക് കടത്തുന്ന ഇടപാട് തുടങ്ങിയിട്ട് നാലു വർഷമായെന്ന് മുഖ്യപ്രതി സിന്ധു (സ്റ്റോയ്‌സി, 56) മൊഴി നൽകി. റിമാൻഡിൽ കഴിയുന്ന പ്രതികളായ പൊന്നാനി സ്വദേശി മഞ്ജിമ, തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന എന്നിവർക്ക് പുറമേ നിരവധി ഏജന്റുമാർ സിന്ധുവിന് കീഴിലുണ്ട്. ഇവരെയും പിടികൂടും. പിടിയിലാകാനുള്ളവരിൽ ദുബായിലുള്ള ഷംലയും റഹ്മത്തുമടക്കം അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്.

ഹൃദ്രോഗ വാദം ഏശിയില്ല

ഹൃദ്രോഗമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെന്നും രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്നും സിന്ധു കോടതിയെ അറിയിച്ചെങ്കിലും കോടതി റിമാൻഡ് ചെയ്തു. സിന്ധുവിനെ കസ്റ്റഡിയിൽ വാങ്ങി മറ്റ് പ്രതികൾക്കൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.