'ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, കഴിഞ്ഞ രാത്രിയിൽ രാഹുൽ വളരെ അസ്വസ്ഥനായിരുന്നു'
കൊച്ചി: ഈറ്റ് കൊച്ചി ഈറ്റിന്റെ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണം വിശ്വസിക്കാനാവാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും. കഴിഞ്ഞ ദിവസം രാത്രിയോടെ രാഹുലിനെ മടവനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നെന്നും ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
രാത്രി വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ തുടരെ തുടരെ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ 12 മണിയോടെ മാടവനയിൽ എത്തി രാഹുലിന്റെ അച്ഛനെ വിളിച്ച് ഫോൺ എടുക്കുന്നില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് അച്ഛനാണ് മുറിയിൽ ചെന്നുനോക്കിയത്. ഈ സമയത്ത് ബെഡ്ഷീറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രാഹുൽ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്തിടെ രാഹുൽ പങ്കാളിത്തത്തിൽ ഒരു കോഫി ഷോപ്പ് തുടങ്ങിയിരുന്നു. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ ഫോൺ പൊലീസ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. കൊച്ചിയിലെ വ്യത്യസ്തമായ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. ഇതിന്റെ ഭാഗമായ രാഹുലിനും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു രാഹുൽ അവസാനമായി പങ്കുവച്ച വീഡിയോ.