ഇഡിക്കെതിരായ സിപിഎം ആക്രമണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടും

Wednesday 27 May 2026 5:47 PM IST

തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടും. പൊലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുന്നത്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം ആക്രമണത്തിനെതിരെ ഇ‌‌ഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വാഹനം തല്ലിത്തകർത്തതിനും നിയമനടപടികളുമായി മുന്നോട്ടുപോകും. കൂടാതെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള നടപടികളാകും സ്വീകരിക്കുന്നത്.