പൂർത്തിയായ പുസ്തകങ്ങൾ ഉടൻ വിതരണം ചെയ്യും # സ്കൂൾ ഫിറ്റ്നസ് പരിശോധന തുടരുന്നു

Thursday 21 May 2026 12:15 AM IST

തിരുവനന്തപുരം: അച്ചടി പൂർത്തിയായ പാഠപുസ്തകങ്ങൾ എത്രയും വേഗം ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിൽ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

80 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നാണ് കെ.ബി.പി.എസ് അറിയിച്ചത്. എന്നാൽ 65 ശതമാനം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഒരാഴ്ചയായി പുസ്തകങ്ങൾ വരാത്തതിനാൽ ജില്ലാ പാഠപുസ്തക ഡിപ്പോകളിൽ നിന്നു വിതരണം നടക്കുന്നില്ല. ബാക്കി പുസ്തകങ്ങൾ 29ന് മുമ്പ് പൂർത്തീകരിക്കണമെന്നും ജൂൺ ആദ്യവാരം ഡിപ്പോകളിൽ എത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പുതിയ മാനദണ്ഡപ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാരും ആരോഗ്യവിഭാഗവും സ്‌കൂളുകളിൽ ഫിറ്റ്നസ് പരിശോധന തുടരുകയാണ്. ഈ ആഴ്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യം. എന്നാൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ പരിശോധന മന്ദഗതിയിലാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നു പുതുക്കിയ മാനദണ്ഡം സംബന്ധിച്ച ഉത്തരവിൽ വ്യക്തത കുറവുണ്ടെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ പറയുന്നതന്ന് കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൊല്ലം മണി പറഞ്ഞു.

സ്‌കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കാനുളള തയ്യാറെടുപ്പുകൾ നടത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നിർദ്ദേശിച്ചു. സ്‌കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. സ്‌കൂളും പരിസരവും പൂർണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പി.ടി.എയുടെയും സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കണം.