ചാലക്കുടി മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു

Saturday 30 May 2026 7:00 AM IST

കൊച്ചി: മുൻ ലോക്‌സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ (76) അന്തരിച്ചു. എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നേരത്തേ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.

2009ൽ ചാലക്കുടിയിൽ നിന്നാണ് കെ പി ധനപാലൻ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2014ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. എ കെ ആൻറണിയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാൾ കൂടിയായിരുന്നു കെ പി ധനപാലൻ.