തലശേരി ഫസൽ വധക്കേസ്, രക്തംപുരണ്ട തൂവാല കോടതിലെ തൊണ്ടിമുതലിൽ നിന്ന് കാണാതായി

Thursday 21 May 2026 1:47 AM IST

#എലി കൊണ്ടുപോയെന്ന് വിശദീകരണം

കൊച്ചി: തലശേരി ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് അപ്രത്യക്ഷമായി. 'എലി കൊണ്ടുപോയി" എന്നാണ് തൂവാല സൂക്ഷിച്ചിരുന്ന മുദ്രവച്ച കവറിനു പുറത്ത് ജീവനക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. നിയുക്ത എം.എൽ.എ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊടി സുനിയുമടക്കം പ്രതികളായ കേസാണിത്.

എറണാകുളം സി.ജെ.എം കോടതിയിൽനിന്ന് തൊണ്ടിമുതൽ വിചാരണ പുരോഗമിക്കുന്ന കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ എത്തിച്ച് തുറന്നപ്പോഴാണ് തൂവാല നഷ്ടമായെന്ന് ബോദ്ധ്യപ്പെട്ടത്. തൂവാല റോഡിൽ കിടക്കുന്നത് കണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ച സി.ഐ.ടി.യു അംഗം മൊഴിമാറ്റി. ഇതിനെക്കുറിച്ച് അറിവില്ലെന്നാണ് പുതിയ മൊഴി.

അതേസമയം, ഫൊറൻസിക് തെളിവുകൾ കോടതി നേരത്തേ തന്നെ രേഖപ്പെടുത്തിയതിനാൽ വിചാരണയെ ബാധിക്കില്ലെന്നാണ് സി.ബി.ഐ നിലപാട്. തൂവാലയിൽ ഉണ്ടായിരുന്നത് ഫസലിന്റെ രക്തമാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.

കൊലപാതകത്തിന് പിന്നാലെ ധർമ്മടം - അണ്ടല്ലൂർ ഭാഗത്തെ റോഡിൽ നിന്നാണ് ഫസലിന്റെ രക്തം പുരണ്ട തൂവാല കണ്ടെത്തിയത്. ആർ.എസ്.എസ് കേന്ദ്രമായ ഇവിടെ തൂവാല കൊണ്ടിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് സി.ബി.ഐ വാദം.

പത്രം ഏജന്റായിരുന്ന തലശേരി ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. എൽ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിന്റെ വിരോധത്തിലായിരുന്നു ആക്രമണമെന്നാണ് പ്രോസിക്യൂഷൻ കേസ്.