വിമാനത്തിലെ വധശ്രമം വ്യോമയാന സുരക്ഷാ വകുപ്പ് ഒഴിവാക്കും കോടതിയിൽ റിപ്പോർട്ട് നൽകും  യൂത്ത് കോൺഗ്രസുകാർ പ്രതികളായ കേസ്

Friday 22 May 2026 12:28 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയ വ്യോമയാന സുരക്ഷാ വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും. ഇത് നിലനിൽക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയതാണെങ്കിലും കഴിഞ്ഞ ഇടതു സർക്കാർ ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. യു.ഡി.എഫ് സർക്കാർ വന്നതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് നൽകുന്നത്.

വ്യോമയാന വകുപ്പ് ഒഴിവാക്കി ജില്ലാ സെഷൻസ് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും.

കേസിൽ നാല് വർഷമായിട്ടും കുറ്റപത്രം നൽകാനായിട്ടില്ല. യൂത്ത് കോൺഗ്രസ്,​ കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്,നവീൻ കുമാർ, സുധീപ് ജയിംസ്, കെ.എസ്.ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ.

വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഐ.പി.സി 120-ബി (ഗൂഢാലോചന), 332 (കൃത്യനിർവഹണം തടയുക), 307 (വധശ്രമം), 34 (സംഘടിത കുറ്റകൃത്യം), എയർക്രാഫ്‌റ്റ് ആക്ടിലെ സെക്‌ഷൻ 11എ, എയർക്രാഫ്റ്റ് റൂൾസിലെ സെക്‌ഷൻ 3(1) (എ), 22 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ എയർക്രാഫ്‌റ്റ് ആക്ടിലെ സെക്ഷനുകളാണ് ഒഴിവാക്കുന്നത്.

2022 ജൂൺ 13നാണ് കേസിനാസ്‌പദമായ സംഭവം. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവരുടെ പ്രതിഷേധമാണ് കേസിനിടയാക്കിയത്.

പിണറായിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി.ജയരാജന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. ഇ.പി.ജയരാജൻ മർദ്ദിച്ചതായി പ്രതികൾ നൽകിയ സ്വകാര്യ അന്യായം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസുകാർ.