ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിനാവില്ല

Thursday 21 May 2026 12:08 AM IST

കൊച്ചി: ചാൻസലറായ ഗവർണറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാൻ സർവകലാശാലാ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളിൽ അപ്പീൽ അധികാരിയായ ചാൻസലറുടെ ഉത്തരവുകൾ നടപ്പാക്കാൻ സിൻഡിക്കേറ്റിന് ബാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ വിധിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയർക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ചാൻസലറുടെ ഉത്തരവിനെതിരെ സിൻഡിക്കേറ്റ് അംഗം എം.ബി. ഫൈസലടക്കം നൽകിയ ഹർജികൾ കോടതി തള്ളി. സ്ഥാപനത്തിലെ അധികാര ശ്രേണിയും അച്ചടക്കവും പാലിക്കാൻ സിൻഡിക്കേറ്റ് ബാദ്ധ്യസ്ഥരാണ്. അതിനാൽ ഉയർന്ന അതോറിറ്റിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് നിയമത്തിൽ വിഭാവന ചെയ്തിട്ടില്ല. ചാൻസലറുടെ ഉത്തരവ് തീർത്തും നിയമവിരുദ്ധമോ പക്ഷപാതപരമോ ആണെങ്കിൽ മാത്രം കോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു.

സർവകലാശാലാ ഓഫീസുകളിൽ ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (ലാൻ) സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തി 27.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു എൻജിനിയർക്കെതിരായ ആരോപണം. അഞ്ച് വർഷത്തേക്ക് ജൂനിയർ എൻജിനിയറായി തരംതാഴ്‌ത്താനും തുക ഈടാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. എന്നാൽ അപ്പീലിൽ ചാൻസലർ ഈ നടപടി റദ്ദാക്കി തിരിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം സർവകലാശാലയ്‌ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കാനും കുറ്റക്കാരെ കണ്ടെത്തി തുക ഈടാക്കാനും സംസ്ഥാന സർക്കാരിനോടും സർവകലാശാലയോടും കോടതി നിർദ്ദേശിച്ചു.