കോടതി അലക്ഷ്യക്കേസ് : മുഹമ്മദ് ഹനീഷിനായി സർക്കാർ അഭിഭാഷകൻ,വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിയിലെ കോടതി അലക്ഷ്യക്കേസിൽ സർക്കാർ അഭിഭാഷകനെ വിമർശിച്ച് ഹൈക്കോടതി. നേരിട്ട് ഹാജരാകാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചതിനെതിരായ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ അപ്പീലിൽ സർക്കാർ അഭിഭാഷകൻ ഹാജരായതിനെയാണ് ഡിവിഷൻ ബെഞ്ച് വിമർശിച്ചത്.
പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തിയെന്ന നിലയിലല്ലേ അപ്പീൽ നൽകേണ്ടതെന്ന് ജസ്റ്റിസ് കെ.നടരാജൻ,ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചു. മുഹമ്മദ് ഹനീഷ് അഡ്വക്കേറ്റ് ജനറൽ ഓഫീസ് വഴിയാണ് അപ്പീൽ ഫയൽ ചെയ്തത്. ഇതിലെ അപാകത പരിശോധിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച കോടതി,വിഷയം 26ന് പരിഗണിക്കാൻ മാറ്റി. ഇന്ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചതിൽ ഇളവുതേടി സിംഗിൾ ബെഞ്ചിൽ അപേക്ഷ നൽകാനും കോടതി ഹനീഷിനോട് നിർദ്ദേശിച്ചു.
വ്യവസായ സെക്രട്ടറി എന്തുകൊണ്ടാണ് ഹാജരാകാൻ മടിക്കുന്നതെന്ന് ഹർജി പരിഗണിക്കവേ കോടതി വാക്കാൽ ചോദിച്ചു. പ്രോസിക്യൂഷൻ അനുമതി സർക്കാർ മൂന്നുവട്ടം നിഷേധിച്ചിട്ടും സി.ബി.ഐ ഇതിനെതിരെ ഹർജി ഫയൽ ചെയ്യാത്തതെന്തെന്നും ആരാഞ്ഞു. പ്രതികൾ ശക്തരായതിനാലാകാം സി.ബി.ഐ ഇടപെടാത്തതെന്ന് ഹർജിക്കാരനായ കൊല്ലം സ്വദേശി കടകംപള്ളി മനോജിന്റെ അഭിഭാഷകൻ ആരോപിച്ചു. കോർപ്പറേഷൻ മുൻ ചെയർമാൻ കോൺഗ്രസ് നേതാവ് ആർ.ചന്ദ്രശേഖരനും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ.രതീഷുമാണ് അഴിമതിക്കേസിലെ മുഖ്യപ്രതികൾ.