നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി

Friday 22 May 2026 12:48 PM IST

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇറങ്ങാനെത്തിയ വിമാനം പതിവിലും കൂടുതൽ താഴ്ന്നുപറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ പറന്നുപൊങ്ങി തകർന്നതായാണ് വീട്ടുകാരുടെ പരാതി.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം ഈ പ്രദേശത്തിന് മുകളിലൂടെ കൂടുതൽ താഴ്ന്നുപറന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുമ്പും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. മറ്റൊരു പ്രദേശവാസിയുടെ മേൽക്കൂരയ്ക്കും നേരത്തെ മൂന്ന് തവണ ഇത്തരത്തിൽ നാശനഷ്ടമുണ്ടായതായി നാട്ടുകാർ പരാതിപ്പെട്ടു. സിയാലിൽ പരാതി നൽകിയിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്.