പുതുജീവൻ മന്ത്രി പദം

Sunday 17 May 2026 12:37 AM IST

സംസ്ഥാന പദവിയും ചിഹ്നവും നഷ്ടപ്പെട്ട ദയനീയാവസ്ഥയിൽ നിന്ന് കേരളാ കോൺഗ്രസിന് പുതുജീവൻ നൽകി, മത്സരിച്ച എട്ടു സീറ്റിൽ ഏഴിലും വിജയം നേടി പാർട്ടി നിയമസഭാ കക്ഷി നേതൃനിരയിലേക്ക് ഉയർന്ന മോൻസ് ജോസഫ് വീണ്ടും മന്ത്രി പദത്തിലേക്ക്. കടുത്തുരുത്തി നരിമറ്റത്തുമ്യാലിൽ പരേതനായ ഒ.ജോസഫിന്റെയും, മറിയാമ്മാ ജോസഫിന്റെയും മൂത്തമകനായ മോൻസ് വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് പൊതു രംഗത്തെത്തിയത്. എം.എ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1996ൽ കെ.എസ്.സി സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴാണ് കടുത്തുരുത്തി മണ്ഡലത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആറു തവണ കടുത്തുരുത്തിയിൽ നിന്നും വിജയിച്ചു. വിമാനയാത്രക്കിടയിലെ പീഡനാരോപണത്തിൽ പി.ജെ ജോസഫിന് മന്ത്രി സ്ഥാനത്തു നിന്നു മാറി നിൽക്കേണ്ടി വന്നപ്പോൾ പകരക്കാരനായി. 2007-2009 ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പു കൈകാര്യം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് മികച്ച മന്ത്രിയെന്ന പേരു സമ്പാദിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സോണിയാ മോൻസ് ഭാര്യയും, എം.ജി സർവകലാശാലാ എം.എഡ് വിദ്യാർത്ഥിനി മരീനാ മോൻസ് മകളുമാണ്.