മാടപ്പള്ളിയിൽ നിന്ന് പടർന്ന സമരജ്വാല

Thursday 21 May 2026 12:19 AM IST

കോട്ടയം: സിൽവർലൈൻ വിജ്ഞാപനം റദ്ദാക്കൽ മാടപ്പള്ളിയിലെ പാവം ജനതയുടെ പോരാട്ടവിജയം കൂടിയാണ്. 2022 മാർച്ച് 17നാണ് മാടപ്പള്ളിയിൽ കല്ലിടാനെത്തിയത്. തുടർന്ന് നടന്നത് സമാനതകളില്ലാത്ത പ്രക്ഷോഭം. സ്ത്രീകളുൾപ്പെടെ പൊലീസിന്റെ നരനായാട്ടിന് ഇരയായി. റോസ്‌ലിൻ ഫിലിപ്പ് എന്ന വീട്ടമ്മയെ റോഡിലൂടെ വലിച്ചിഴച്ചതും, മകൾ പൊട്ടിക്കരഞ്ഞ് പിറകേ ഓടിയതും കേരള മനസിൽ നിന്ന് മാഞ്ഞിട്ടില്ല. അന്ന് തുടങ്ങിയ സമരം ഇന്നലെ 1490-ാം ദിവസമായിരുന്നു. പദ്ധതിക്കെതിരെ ആദ്യ സമരപ്പന്തൽ ഉയർന്നതും ഇവിടെയാണ്.

മുഖ്യമന്ത്രി വി.ഡി.സതീശനും സർക്കാരിനും അഭിവാദ്യമർപ്പിച്ച് ഇന്നലെ നാട്ടുകാർ ആഹ്ളാദനൃത്തമാടി. പടക്കം പൊട്ടിച്ചു. മധുരം പങ്കിട്ടു. വീട്ടുമുറ്റത്തും പറമ്പിലുമുള്ള മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞു. നാളെ കോട്ടയത്ത് വിജയദിന റാലി നടത്തും. തുടർന്ന് സമരപ്പന്തൽ പൊളിക്കും.

മാടപ്പള്ളിക്കാർക്കെതിരെ 62 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ 24 കേസുകളുണ്ട്. വൻ പിഴത്തുക നൽകിയാണ് പലരും ജാമ്യമെടുത്തത്.

അധികാരം കിട്ടിയാൽ സിൽവർലൈൻ റദ്ദാക്കുമെന്ന് സമരപ്പന്തലിൽ എത്തി നൽകിയ ഉറപ്പ് വി.ഡി. സതീശൻ പാലിച്ചതിൽ സന്തോഷം

ബാബു കുട്ടൻചിറ,

സമരസമിതി ചെയർമാൻ