പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കെ.ജി.പരമേശ്വരൻ നായർ വിടവാങ്ങി
തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന തൃക്കണ്ണാപുരം സൊസൈറ്രി റോഡ് ഉമാമഹേശ്വരത്തിൽ കെ.ജി.പരമേശ്വരൻ നായർ (95) അന്തരിച്ചു. മൂന്നര പതിറ്റാണ്ടോളം കേരളകൗമുദിക്കൊപ്പം സഞ്ചരിച്ച അദ്ദേഹം നിയമസഭാ റിപ്പോർട്ടിംഗിൽ അതികായനായിരുന്നു.
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇന്നലെ വൈകിട്ട് 5.30തോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11.15മുതൽ 11.45വരെ തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മുഖ്യമന്ത്രി വി.ഡി.സതീശൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. നിയമസഭാ റിപ്പോർട്ടിംഗിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പുതിയ സാമാജികർക്കും മാദ്ധ്യമപ്രവർത്തകർക്കും ഒരുപോലെ മാർഗദർശകമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയഗതിയിൽ നിർണായകമായ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തു. 1998ൽ കേരളകൗമുദിയിൽ നിന്ന് വിരമിച്ചു. കേരള നിയമസഭാചരിത്രവും ധർമ്മവും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. 2021ലെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരം നൽകി കേരള സർക്കാർ ആദരിച്ചു. മികച്ച നിയമസഭാ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, കെ.സി.സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി.സുകുമാരൻനായർ അവാർഡ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങനെ 13 പുരസ്കാരങ്ങൾ ലഭിച്ചു. ഇതിൽ രണ്ടെണ്ണം രാഷ്ട്രപതിമാരായിരുന്ന ഡോ.കെ.ആർ.നാരായണൻ, ഡോ.എ.പി.ജെ. അബ്ദുൾകലാം എന്നിവരിൽ നിന്നാണ് സ്വീകരിച്ചത്. ഭാര്യ സംഗീതാദ്ധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മ, മക്കൾ: രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ (എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്,) മരുമക്കൾ: രാജശേഖരൻ (മുൻ അനൗൺസർ ആകാശവാണി) സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് റിട്ട. ഉദ്യോഗസ്ഥൻ). നിയമസഭ റിപ്പോർട്ടിംഗിന്റെ ആഴവും പരപ്പും അറിഞ്ഞ ലേഖകനായിരുന്നു കെ.ജി. പരമേശ്വരൻ നായരെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അനുശോചിച്ചു.