സതീശൻ മന്ത്രിസഭയ്ക്ക് പൂർണപിന്തുണയെന്ന് കെസി, ഒരു വിഷയത്തിലും തർക്കമില്ലെന്ന് വിഡി; കൂടിക്കാഴ്ച പൂർത്തിയായി

Saturday 16 May 2026 2:49 PM IST

തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കുന്ന വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണപിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കും. ഞാനും വിഡി സതീശനും രാഷ്ട്രീയത്തിൽ ബാല്യകാല സൗഹൃദമുള്ളവരാണ്. എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിനെ എല്ലാം ഒന്നിപ്പിക്കുന്ന കണ്ണിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം കെസി,​ വിഡി സതീശനെ ആദ്യമായാണ് കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് ഒരേ കോളേജിൽ പഠിച്ച് ഒരേ സൗഹൃദം പങ്കിട്ടവരാണ് താനും കെസി വേണുഗോപാലുമെന്ന് വിഡി സതീശൻ പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ടത്. കോൺഗ്രസിൽ ഒരാൾക്ക് ആകാൻ പറ്റുന്ന ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് കെസി വേണുഗോപാലെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

'കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളും ഭരണഘടനാപരമായ കാര്യങ്ങളും കൂടിയാലോചിച്ച ശേഷമാണ് ചെയ്യുക. ഒരു വിഷയത്തിലും തർക്കമില്ല. പത്ത് മിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയങ്ങളുമില്ല. വളരെ വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്ന ദേശീയ-സംസ്ഥാന തലത്തിലുള്ള നേതൃത്വം കോൺഗ്രസിനുണ്ട്. എത്ര വേഗത്തിലാണ് യുഡിഎഫിലെ ചർച്ചകൾ നടക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് ഗവർണർക്ക് ലിസ്റ്റ് സമർപ്പിക്കും. ഇത് സിപിഎമ്മിനും പോലും പറ്റിയിട്ടില്ല കേരളത്തിൽ. എത്രയോ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ തീരുമാനിക്കാൻ പറ്റിയിട്ടുള്ള ആളാണ് കെസി വേണുഗോപാൽ'- വിഡി സതീശൻ പറഞ്ഞു.