ആർ.എസ്.പിയുടെ മന്ത്രി ഷിബു ബേബിജോൺ

Saturday 16 May 2026 12:20 AM IST

കൊല്ലം: ഷിബു ബേബിജോണിനെ ആർ.എസ്.പിയുടെ മന്ത്രിയായി ശുപാർശ ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.

പയ്യന്നൂരിൽ നിന്ന് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി. കു‌ഞ്ഞികൃഷ്ണൻ അടക്കം ആർ.എസ്.പിക്ക് ഇപ്പോൾ നാല് എം.എൽ.എമാരുണ്ട്. മുമ്പ് ആർ.എസ്.പിക്ക് ലഭിച്ചിട്ടുള്ള ഇറിഗേഷൻ, വാട്ടർ അതോറിട്ടി​ എന്നിവ കൂടി യു.ഡി.എഫിൽ ആവശ്യപ്പെടാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

ആർ.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ബേബിജോണിന്റെ മകനാണ് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ഷിബു ബേബിജോൺ. നി​ലവി​ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി. 2001ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് (ബി) രൂപീകരിച്ചാണ് ആദ്യമായി ചവറയിൽ അങ്കത്തിനിറങ്ങിയത്. ആർ.എസ്.പി സ്ഥാനാർത്ഥിയായിരുന്ന വി.പി. രാമകൃഷ്ണപിള്ളയ്ക്കെതിരെ അട്ടിമറി വിജയം നേടി. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ എൻ.കെ.പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 2011ൽ വീണ്ടും പ്രേമചന്ദ്രനോട് ഏറ്റുമുട്ടി 6061 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു, യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായി. 2014ൽ ആർ.എസ്.പിയിൽ ഷിബുവിന്റെ പാർട്ടി ലയിച്ചു. 2016ൽ എൽ.ഡി.എഫിന്റെ എൻ.വിജയൻപിള്ളയോടും 2021ൽ മകൻ ഡോ.സുജിത്ത് വിജയൻ പിള്ളയോടും പരാജയപ്പെട്ടു. കഴിഞ്ഞ തവണ 1096 വോട്ടുകൾക്ക് പരാജയപ്പെട്ട ഷിബു ഇക്കുറി 18,573 വോട്ടി​ന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.