അനുനയിപ്പിക്കാൻ നേതൃത്വം, മനസ് തുറക്കാതെ ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഗുരുവായൂർ ദർശനം കഴിഞ്ഞ് ഇന്നലെ രാവിലെ തിരിച്ചെത്തിയ ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ വീട്ടിൽ സന്ദർശിച്ചു. ജ്യേഷ്ഠസഹോദര തുല്യനാണ് ചെന്നിത്തല എന്നാണ് സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്.
പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും വീട്ടിലെത്തി ചെന്നിത്തലയുമായി സംസാരിച്ചു. എ.ഐ.സി.സിയുടെ മറ്റു നേതാക്കളും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരോടും അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചില്ല.
നേതൃത്വത്തിന് മുന്നിൽ ചില ഉപാധികൾ വച്ചതായാണ് സൂചന. മന്ത്രിസഭയിൽ ചേർന്നാൽ ആഭ്യന്തര വകുപ്പ് കിട്ടണമെന്നതാണ് പ്രധാന ഉപാധി. തനിക്കൊപ്പമുള്ള അൻവർ സാദത്ത്, ടി.ജെ.വിനോദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. സണ്ണിജോസഫ് മാറുന്ന ഒഴിവിൽ ജോസഫ് വാഴയ്ക്കനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം എന്നിവയാണ് ഉപാധികൾ. ആവശ്യങ്ങൾ മാന്യമായ നിലയിൽ പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിൽ ചേരില്ലെന്ന കടുത്ത നിലപാടിലേക്ക് കടക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതിനിടെ ഇന്നലെ യു.ഡി.എഫ് യോഗം ചേരും മുമ്പ് ജ്യോതികുമാർചാമക്കാല, അൻവർ സാദത്ത് എന്നിവർ കന്റോൺമെന്റ് ഹൗസിലെത്തി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നത്തെ ചർച്ചയോടെ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.