പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് പരോൾ
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് പരോൾ .
എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടു മുമ്പാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്.
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിൻ്റെയും വീടുകൾ ഉൾപ്പെടുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് കർശന വ്യവസ്ഥകളോടെയാണ് ഇവർക്ക് അനുമതി നൽകിയിരിക്കുന്നത്. പരോൾ ലഭിച്ച പ്രതികൾ നിലവിൽ കാസർകോട് ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലുള്ള ബന്ധുവീടുകളിലാണ് താമസിക്കുന്നത്.
2019 ഫെബ്രുവരി 17ന് നടന്ന ഇരട്ടക്കൊലയിൽ സി.ബി.ഐ പ്രത്യേക കോടതി പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായ പരോൾ അനുവദിക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരകളുടെ കുടുംബങ്ങൾ. അതെസമയം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവർക്ക് പരോൾ നൽകിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.