ഇ.ഡിക്ക് എതിരായ ആക്രമണം: സി.പി.എം ആശയക്കുഴപ്പത്തിൽ

Saturday 30 May 2026 12:57 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി.റെയ്ഡിൽ പ്രതിഷേധം ഉയർത്തി കരുത്തു കാട്ടിയ സി.പി.എം തൊട്ടുപിന്നാലെ പ്രതിരോധത്തിലായി. തിരുവനന്തപുരത്തെ പ്രതിഷേധം അതിരുവിട്ടതാണ് കാരണം. 18 പേരാണ് റിമാൻഡിലായത്. കേസിന്റെ തുടർ നടപടികൾ എന്താകുമെന്നതാണ് പ്രധാനം.

ഇ.ഡി.സംഘം തന്നോട് ഒന്നും ചോദിച്ചില്ലെന്നും മകളുടെ മൊഴിയെടുക്കുകയാണ് ചെയ്തതെന്നും പിണറായി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തു. ഇതോടെ സമരം മുന്നോട്ടുകൊണ്ടുപോകുന്നതിലും അവ്യക്തത നിലനിൽക്കുകയാണ്.

കേരളമെമ്പാടും അലയടിച്ച പ്രതിഷേധം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പാർട്ടി നേതൃത്വത്തിൽ നിന്ന് തുടർപ്രതികരണങ്ങൾ ഉണ്ടായില്ല.

അടുത്തയാഴ്ച വീണ്ടും നിയമസഭാ സമ്മേളനം ചേരുകയാണ്. നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയാണ് നടക്കുന്നതെങ്കിലും പ്രതിപക്ഷത്തെയും പ്രത്യേകിച്ച് പിണറായിയെയും പ്രകോപിപ്പിക്കാൻ ഭരണപക്ഷത്തിന് നല്ലൊരു വടി കിട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നടന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെ ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കണക്കറ്റ് പരിഹസിക്കുകയാണ് ചെയ്തത്. സി.എം.ആർ.എല്ലിൽ നിന്ന് മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളും പണം കൈപ്പറ്റിയതിന്റെ രേഖകൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ, സി.പി.എമ്മിന് പിടിവള്ളിയാവുന്നത് ഇതാവാം. എന്നാൽ പിണറായിയുടെ മകളോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയാൽ സി.പി.എമ്മിന് കൂടുതൽ ക്ഷീണമാവും.

യു.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാനുള്ള ആലോചന നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത റെയ്ഡും തിരുവനന്തപുരത്തെ കൈയേറ്റവും ഉണ്ടായത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിലിൽ സർക്കാരിനെതിരായ പ്രക്ഷോഭമാണ് പ്രധാനമായി ചർച്ച ചെയ്തത്. ഇടത് ഭരണകാലത്ത് നിയമിച്ച താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾ വന്നാൽ ശക്തമായി ചെറുക്കാനാണ് തീരുമാനിച്ചത്. സി.പി.എം നേതൃത്വം അറിയാതെ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തില്ല.