വയോധികയെ കൊന്ന് കായലിൽ താഴ്ത്തിയ കേസിൽ അയൽവാസി പിടിയിൽ
കായംകുളം: വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നശേഷം കൈകാലുകൾ ബന്ധിച്ച് കായലിൽ താഴ്ത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (80)യെ കൊലപ്പെടുത്തിയ കേസിൽ മത്സ്യത്തൊഴിലാളിയായ കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശനാണ് (54) തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്.
കനകക്കുന്ന് ജെട്ടിക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കായലിൽ കണ്ടെത്തിയത്. ഞായറാഴ്ച കൊല നടത്തിയ പ്രകാശൻ തിങ്കളാഴ്ച സ്വർണാഭരണങ്ങൾ വിറ്റ് കടംവീട്ടി. ഇതിന്റെ തെളിവും കല്ലുകെട്ടി കായലിൽ താഴ്ത്താൻ ഉപയോഗിച്ച മത്സ്യബന്ധനത്തിന് ഉപയോഗിക്കാറുള്ള റോപ്പുമാണ് പ്രകാശനെ കുടുക്കിയത്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിയായ പ്രകാശൻ രണ്ട് വർഷം മുമ്പാണ് ഇവിടെ വന്ന് താമസമാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴരയോടെ എത്തിയ പ്രകാശൻ തങ്കമ്മയോട് പണയം വെക്കുന്നതിനായി സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലുംനൽകിയില്ല. പിന്നീടുണ്ടായ തർക്കത്തിനിടെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കി. കൈയ്യിൽ കിടന്ന 29 ഗ്രാം തൂക്കം വരുന്ന നാല് വളകളും ഒരു മോതിരവും ഊരിയെടുത്തു. രാത്രി 12 മണിയോടെ വള്ളവുമായി എത്തി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നു.
വിവരം നൽകിയത് സുഹൃത്ത്
സുഹൃത്ത് കലേശിനെയും അളിയനേയും ഏൽപ്പിച്ച ആഭരണങ്ങൾ കായംകുളത്തുള്ള സ്വർണ്ണക്കടയിൽ മൂന്ന് ലക്ഷത്തിതൊണ്ണൂറായിരം രൂപയ്ക്ക് വിറ്റ് പണം പ്രകാശന് നൽകി. പലരിൽ നിന്നായി പലിശയ്ക്ക് വാങ്ങിയ മൂന്നര ലക്ഷം രൂപ അന്നുതന്നെ പ്രകാശൻ തിരികെ നൽകി. വീട്ടിൽ നിന്ന് 15000 രൂപയും കണ്ടെത്തി.ആഭരണം വിൽക്കാൻ സഹായിച്ച കലേശ് വൃദ്ധ കൊല്ലപ്പെട്ടതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി വിവരം നൽകുകയായിരുന്നു.