നവീൻ ബാബു കേസ്: തുടർ അന്വേഷണ റിപ്പോർട്ട് കോടതിയിൽ

Saturday 30 May 2026 2:43 AM IST

കണ്ണൂർ: കണ്ണൂർ എ.ഡി.എമ്മായിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ട തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നവീനിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിലെ ഏകപ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളും തുടർ അന്വേഷണത്തിൽ പരിശോധിച്ചിട്ടുണ്ട്. കോടതി നിർദ്ദേശിച്ച നാലു പ്രധാന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് റിപ്പോർട്ട്. കോടതി നിർദ്ദേശിച്ച തരത്തിൽ രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടത്. ദിവ്യയുടെ ഔദ്യോഗിക ഫോൺ രേഖകൾ, ടി.വി.പ്രശാന്തന്റെ സ്വർണപ്പണയ ഇടപാടിന്റെ രേഖകൾ, സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. റിപ്പോർട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് കടക്കും.