നീനാ കുറുപ്പിനും കുക്കുവിനുമെതിരെ പരാതിയുമായി ഓഫീസ് ജീവനക്കാരി

Saturday 30 May 2026 2:46 AM IST

കൊച്ചി: താരസംഘടനയായ 'അമ്മ"യുടെ ഭാരവാഹികളായ നീനാ കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കും ജില്ലാ ലേബർ ഓഫീസർക്കും പരാതിനൽകി ഓഫീസ് ജീവനക്കാരി പി. അതുല്യ. ഭാരവാഹികളിൽ ചിലരിൽനിന്ന് പ്രതികാര നടപടികൾ നേരിട്ടെന്നാണ് പരാതി. ഫോൺസംഭാഷണങ്ങളും ശബ്ദരേഖകളും ഉൾപ്പെടെയുള്ള തെളിവുകളും പരാതിക്കൊപ്പമുണ്ട്. ഉണ്ണി ശിവപാലിനുവേണ്ടി കുക്കു പരമേശ്വരൻ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചനയും ഭീഷണിയും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഫോൺ സംഭാഷണവും ഇന്നലെ അതുല്യ പുറത്തുവിട്ടു.

ഉണ്ണി ശിവപാലിനെതിരെ തൊഴിൽപീഡന പരാതി വന്നതോടെയാണ് അമ്മയിലെ അസ്വാരസ്യങ്ങൾ പുറത്തേക്ക് വരികയും അതുല്യയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തത്. നടപടി വിവാദമായതോടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അതുല്യയെ ജോലിയിൽ തിരിച്ചെടുത്തു. അതിനിടെയാണ് അതുല്യ പുതിയ പരാതി നൽകിയത്.