മഞ്ചേശ്വരം തിര. കോഴക്കേസ് മാറ്റി

Thursday 21 May 2026 1:58 AM IST

കൊച്ചി: 2021ലെ മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനടക്കം ആറ് പ്രതികളെ വെറുതേ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ 24ന് പരിഗണിക്കാൻ മാറ്റി. കാസർകോട് സെഷൻസ് കോടതിയുടെ 2024 ഒക്ടോബർ അഞ്ചിലെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന അപ്പീൽ അനുവദനീയമായ സമയപരിധിക്കുള്ളിലാണോ നൽകിയതെന്നതിൽ വാദം കേൾക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ മാറ്റിയത്.

കേസ് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ആവശ്യപ്പെടുകയും ചെയ്തു. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഡി.ജി.പിയും മറ്റും ചുമതലയേൽക്കുന്നത് കൂടി പരിഗണിച്ചാണ് ഈ ആവശ്യമുന്നയിച്ചത്.

കെ. സുരേന്ദ്രന് അപരനായി മൽസരിച്ച ബി.എസ്.പിയിലെ കെ. സുന്ദരയുടെ പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പിൻവലിപ്പിച്ചെന്നുമാണ് കേസ്.