 എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ്:, നിയമനം അഞ്ച് ശതമാനത്തിൽ താഴെ

Friday 22 May 2026 12:11 AM IST

തിരുവനന്തപുരം: ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിന് മെല്ലെപ്പോക്ക്.റാങ്ക് ലിസ്‌റ്റുകൾ നിലവിൽ വന്ന് 10 മാസമെത്തിയിട്ടും ഇതുവരെയുള്ള നിയമനം 5 ശതമാനം പോലുമെത്തിയില്ല.14 ജില്ലകളിലെയും റാങ്ക് ലിസ്റ്റിൽ ആകെ 20,589 പേരാണുള്ളത്.1,115പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.കഴിഞ്ഞ റാങ്ക് ലിസ്റ്റുകളിൽ 12,673 പേർക്കായിരുന്നു നിയമനം.മുൻ റാങ്ക് ലിസ്റ്റിൽ നിന്നുണ്ടായ എൻ.ജെ.ഡി ഒഴിവുകളിൽ നിന്നുള്ള 394 ഒഴിവുകളിൽ ഈ ലിസ്റ്റിൽ നിന്നും നിയമന ശുപാർശ നടന്നതാണ് ആകെ നിയമനം ആയിരം കടക്കാൻ കാരണമായത്. ഫലത്തിൽ നിലവിലെ ലിസ്റ്റിൽ നിന്നും പുതുതായി ലഭിച്ച നിയമനം 721 എണ്ണം മാത്രമാണ്.

എൽ.ഡി.ക്ലർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് ഏറ്റവും കൂടുതൽ നിയമനം നടക്കുന്നത് തിരുവനന്തപുരം ജില്ലയുടെ ലിസ്റ്റിൽ നിന്നാണ്.ഏറ്റവും കൂടുതർ പേർ പരീക്ഷ എഴുതുന്ന ജില്ലയും തിരുവനന്തപുരമാണ്.എന്നാൽ ഇവിടെ നിന്നും ആകെ നടന്ന നിയമന ശുപാർശ 78 മാത്രമാണ്. എന്നാൽ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1,347 നിയമനമാണ് തലസ്ഥാന ജില്ലയുടെ ലിസ്റ്റിൽ നിന്നും ലഭിച്ചത്.ഇക്കുറി 33 നിയമനം നടന്ന വയനാട് ജില്ലയിലാണ് കുറഞ്ഞ നിയമന ശുപാർശ നടന്നത്. ഇടുക്കി ജില്ലയിലാകട്ടെ നിയമന ശുപാർശ ഇതുവരെയും 50 തികഞ്ഞില്ല . കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, എറണാകുളം, പാലക്കാട്, മലപ്പുറം,തൃശൂർ, ജില്ലകളിൽ ആയിരത്തിലധികം നിയമനങ്ങൾ നടന്നിരുന്നു.