ശസ്‌ത്രക്രിയയ്‌ക്കിടെ ഞരമ്പ് മുറിഞ്ഞ് കാലിന്റെ ചലനശേഷി നഷ്‌ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ രോഗിയുടെ കുടുംബം
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് രോഗിയുടെ കുടുംബം. എല്ലിന്റെ തേയ്‌മാനം പരിഹരിക്കാനായി ശസ്‌ത്രക്രിയ നടത്തിയ പാർവതിയുടെ (73) വലതുകാലിലെ ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി നഷ്‌ടപ്പെട്ടതായും കുടുംബം ആരോപിച്ചു.
മേയ് 12നായിരുന്നു ശസ്‌ത്രക്രിയ. ശേഷം 11 മണിയോടെ ഇവരെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതായി പാർവതിയുടെ ചെറുമകൻ രാഹുൽ പറഞ്ഞു. എന്നാൽ, അന്ന് രാത്രി എട്ടരയോടെ കാലിന്റെ നിറം മാറുകയും കടുത്ത വേദനയും തണുപ്പും അനുഭവപ്പെടുകയുമായിരുന്നു. ഉടൻതന്നെ ഡോക്‌ടർമാരെ വിവരമറിയിച്ചെങ്കിലും കുഴപ്പമില്ലെന്നാണ് അവർ പറഞ്ഞത്. പക്ഷേ, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർബന്ധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിലാണ് വൃദ്ധയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായും അത് മടക്കി സ്റ്റാപ്ലർ വച്ച് തുന്നി വച്ചിരിക്കുകയാണെന്നും മനസിലായത്. ഞരമ്പ് മുറിഞ്ഞതിനെത്തുടർന്ന് രക്തയോട്ടം നിലച്ചതാണ് കാലിന്റെ നിറം മാറാൻ കാരണമായത്. നിലവിൽ വൃദ്ധയുടെ കാലിന്റെ ചലനശേഷി പൂർണമായും നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്ന് കുടുംബം പറഞ്ഞു. ഇതുവരെ അഞ്ച് ശസ്‌ത്രക്രിയകൾ നടത്തിയെന്നും അതിനായി രണ്ട് ലക്ഷം രൂപയോളം ചെലവായതായും കുടുംബം പറഞ്ഞു.
പാർവതിയുടെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിവരം ഇപ്പോഴാണ് അറിയുന്നതെന്നും ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ വിദേശത്തായതിനാൽ അദ്ദേഹവുമായി സംസാരിച്ചശേഷം വിശദീകരണം നൽകാമെന്നുമാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ഡിഎംഒയെ അറിയിച്ചത്.