പ്രതിപക്ഷ നേതാവ്, ഉപനേതാവ് സ്ഥാനങ്ങളിൽ തീരുമാനമായില്ല; ബിനോയ് വിശ്വത്തെ വിമർശിച്ച് ഇടതുമുന്നണി കൺവീനർ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ എൽഡിഎഫിന് ആശങ്കയില്ലെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. കേരളത്തിന്റെ ജനാധിപത്യ മനസിനെ അവഹേളിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം വിമർശിച്ചു.
'പ്രതിപക്ഷനേതാവ് സ്ഥാനത്തിൽ തർക്കമില്ല. സിപിഎം ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഉപനേതൃ സ്ഥാനത്തിൽ ചർച്ച നടന്നിട്ടില്ല. മുന്നണിയിൽ ഇക്കാര്യം ഉയർന്നുവന്നിട്ടില്ല. ബിനോയ് വിശ്വത്തിന്റെ ഓപ്പൺ സ്റ്റേറ്റ്‌മെന്റ് വായിച്ചു. പരസ്‌പരം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണത്. പരസ്യമായി ഉന്നയിക്കുന്നത് ശരിയായ രീതിയല്ല'- ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് എൽഡിഎഫിൽ സമ്മർദ്ദം ശക്തമാക്കുകയാണ് സിപിഐ. പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി എംപി സന്തോഷ് കുമാറാണ് പ്രതിപക്ഷ ഉപ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആദ്യ പ്രസ്‌താവന നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലന യോഗത്തിന് ഡൽഹിയിലെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.