എം.എസ്.ഇർഷാദ് പ്രോട്ടോക്കോൾ ഓഫീസറായി ചാർജെടുത്തു

Thursday 21 May 2026 12:22 AM IST

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായി എം.എസ്.ഇർഷാദ് ചുമതലയേറ്റു.പാർലമെന്ററി കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരുന്ന ഇർഷാദിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്. ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പൊതുഭരണ വകുപ്പിലെ തന്ത്രപ്രധാനമായ തസ്തികകളിൽ അഴിച്ചുപണി നടത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ ഓഫീസറായിരുന്ന എം.എസ്.ഹരികൃഷ്ണനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ സ്ഥാനത്തേ് മാറ്റി. പൊതുഭരണ സ്‌പെഷ്യൽ ജി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി എൻ.പ്രസീനയേയും ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അഡീഷണൽ സെക്രട്ടറിയായി എ.എൻ സീനയേയും സർവീസസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി ബി.എസ്.അരവിന്ദിനെയും നിയമിച്ചു. സർവീസസിൽ സ്ഥലംമാറ്റം കൈകാര്യം ചെയ്തിരുന്ന അഡീഷണൽ സെക്രട്ടറി ബി.സുധയെ കോഴിക്കോട് നോർക്ക അറ്റസ്‌റ്റേഷൻ ഓഫീസറാക്കി. സർവീസസ് അഡീഷണൽ സെക്രട്ടറി കെ.ജനാർദ്ദനനെ പാർലമെന്ററി കാര്യ വകുപ്പിലേക്കാണ് മാറ്റിയത്.