മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാർ

Thursday 21 May 2026 12:01 AM IST

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ.അനിൽകുമാറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും കെ.അനിൽകുമാറായിരുന്നു പ്രൈവറ്റ് സെക്രട്ടറി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ വരുന്നതിനു മുമ്പ് ലാ കോളേജിലും ലാ അക്കാഡമിയിലും അദ്ധ്യാപകനായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഭക്ഷ്യസുരക്ഷാവകുപ്പ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ലാകോളേജിലും ലാ അക്കാഡമിയിലും വി.ഡി.സതീശന്റെ ബാച്ച്‌മേറ്റായിരുന്നു. ഈ കാലയളവിൽ ലാ കോളേജിലും ലാ അക്കാഡമിയിലും കെ.എസ്.യു നേതാക്കളായിരുന്നു ഇരുവരും. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടാറായ ഉമേഷ് എൻ.എസ്.കെ മുഖ്യമന്ത്രിയുടെ അഡിഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ ഡ്യൂട്ടിയുമായി ചുമതയയേറ്റു. എറണാകുളം കളക്ടറായി ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ്. തമിഴ്നാട് സേലം സ്വദേശിയായ ഉമേഷ് എൻ.എസ്.കെ 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വയനാട് സബ് കളക്ടറായി സേവനമനുഷ്ഠിച്ച കാലമാണ് അദ്ദേഹത്തിന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. 2018ൽ പ്രളയത്തെ നേരിട്ടപ്പോൾ, വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് ഇറങ്ങി പ്രവർത്തിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. മഴക്കെടുതിയിൽ കുടുങ്ങിയ ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയിരുന്നു.

ഹേമചന്ദ്രൻ ആഭ്യന്തര ഉപദേഷ്ടാവ്

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹോണററി ഉപദേഷ്ടാവായി എ.ഹേമചന്ദ്രനെ നിയമിക്കും. മുൻ ഡി.ജി.പിയും ഫയർഫോഴ്സ് മേധാവിയുമാണ് എ.ഹേമചന്ദ്രൻ. ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന പേരെടുത്ത ഐ.പി.എസ് ഓഫീസറാണ് ഹേമചന്ദ്രൻ. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം, ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാഡമിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ കോളിളക്കമുണ്ടാക്കിയ സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു. വിരമിച്ചശേഷം ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം എഴുതിയ 'നീതി എവിടെ?"എന്ന ആത്മകഥ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.