പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ; മുഖ്യമന്ത്രിയെ കാണാൻ ശരത് ലാലിന്റെ കുടുംബം
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും പ്രതികളെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ മാദ്ധ്യമത്തോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ഉൾപ്പെടുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് കർശന വ്യവസ്ഥകളോടെയാണ് ഇവർക്ക് അനുമതി നൽകിയിരിക്കുന്നത്. 20 ദിവസത്തേക്ക് പരോൾ ലഭിച്ച ഇവരെല്ലാം നിലവിൽ കാസർകോട് ജില്ലയിലുണ്ട്.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. മുമ്പും ഈ കേസിലെ പ്രതികൾക്ക് ഇത്തരത്തിൽ പരോൾ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.