അശോകിനും പ്രശാന്തിനും എതിരായ നടപടി ഒഴിവാകും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സഞ്ജീവ് കൗശിക്, ജ്യോതിലാൽ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ കലഹിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോക്, എൻ.പ്രശാന്ത് എന്നിവർക്കെതിരായ നടപടികൾ വി.ഡി സർക്കാർ പിൻവലിച്ചേക്കും.ചീഫ് സെക്രട്ടറിയെ സമൂഹമാദ്ധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി സസ്‌പെൻഷനിലാണ് പ്രശാന്ത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാനകാലത്ത് മാദ്ധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചതിനാണ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി. അശോകിനെ സസ്പെൻഡ്ചെയ്തത്. മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായതോടെ
ഇവർക്കെതിരായ നടപടികൾ പിൻവലിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്ത ചീഫ് സെക്രട്ടറി ജയതിലകിന്റെ കാലാവധി അടുത്ത മാസം തീരും. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്ത് 1989 ബാച്ചിലെ മനോജ് ജോഷി, 1991 ബാച്ചിലെ രചനാഷാ,1992 ബാച്ചിലെ സഞ്ജീവ് കൗശിക്, 1993ബാച്ചിലെ കെ.ആർ.ജ്യോതിലാൽ എന്നിവരാണുള്ളത്. മനോജ് ജോഷിയും രചനാഷായും സഞ്ജീവ് കൗശികും കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിലാണ്. ഇതിൽ കൗശിക് ഒഴികെയുള്ളവർക്ക് സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യമില്ലെന്നാണ് അറിയുന്നത്. അങ്ങനെ വന്നാൽ കൗശിക് അടുത്തമാസം ചീഫ് സെക്രട്ടറിയാകും.അദ്ദേഹവും വന്നില്ലെങ്കിൽ ജ്യോതിലാലിനായിരിക്കും നിയോഗം. കൗശികിന് 2029 ഏപ്രിൽ വരെ കാലാവധിയുണ്ട്. ജ്യോതിലാൽ 2029 മെയ് മാസത്തിലാണ് വിരമിക്കേണ്ടത്.നിലവിൽ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ജ്യോതിലാൽ.