കാലവർഷമെത്തുന്നു,​ രക്ഷാപ്രവർത്തനത്തിന് എട്ട് ജില്ലകളിൽ എൻ.ഡി.ആർ.എഫ്

Thursday 21 May 2026 12:16 AM IST

തിരുവനന്തപുരം: കാലവർഷം എത്തുന്നത് മുന്നിൽക്കണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് 8 ജില്ലകളിൽ എൻ.ഡി.ആർ.എഫിനെ (ദേശീയ ദുരന്ത പ്രതികരണ സേന) നിയോഗിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് 30 അംഗങ്ങൾ വീതമുള്ള 8 ടീമുകളുടെ സേവനം ലഭ്യമാകുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥന പ്രകാരം തമിഴ്നാട്ടിലെ എൻ.ഡി.ആർ.എഫിന്റെ 4-ാം ബറ്റാലിയനിൽ നിന്നാണ് 240 അംഗങ്ങളെ കേരളത്തിലേക്ക് നിയോഗിച്ചത്. 26ന് കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.