ഇഷ്ടികയും വടിയും ഉപയോഗിച്ച് ഗ്ലാസ് തകർത്തു, സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ; പൊലീസിന്റേത് ഗുരുതര സുരക്ഷാവീഴ്ച
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ സി.പി.എം പ്രവർത്തകർ തല്ലിതകർത്തപ്പോൾ. ഫോട്ടോ: നിശാന്ത് ആലുകാട്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കാരണം പൊലീസിന്റെ സുരക്ഷാവീഴ്ച. റെയ്ഡ് ആരംഭിച്ചത് മുതൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. രാവിലെ പൊലീസിന്റെ ഹെൽമെറ്റും ചെരിപ്പും കേന്ദ്ര സേനയ്ക്ക് നെരെ സിപിഎം പ്രവർത്തകർ എറിഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സുരക്ഷാസന്നാഹം വിന്യസിക്കാത്തതാണ് ആക്രമണങ്ങൾക്ക് വഴിവച്ചത്. കോഴിക്കോടും കണ്ണൂരും സംഘർഷാവസ്ഥ നിലനിന്നിരുന്നു.
ആക്രമണത്തിന് പിന്നാലെ സിപിഎം പ്രവർത്തകരെയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നേരെ ഇഷ്ടിക കട്ടയും വടിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വാഹനത്തിന്റെ ചില്ലുകളും സൈഡ് മിററും നശിപ്പിച്ചു. സൈഡ് ഗ്ലാസ് കല്ലുപയോഗിച്ച് തകർത്തതോടെ ഇഡി ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ചില്ല് കണ്ണിൽ തെറിച്ച് പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയത്ത് പൊലീസ് ഇല്ലായിരുന്നെന്നും പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് ആക്രമണത്തിന് കാരണമെന്നും ഡ്രൈവർ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും കമ്പനിയുടെ ഉദ്യോഗസ്ഥരും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഇന്ന് ഇഡി റെയ്ഡ് ആരംഭിച്ചത്. വസ്തുതകൾ ബോധിപ്പിക്കാനും രേഖകൾ ഹാജരാക്കാനും മാത്രമാണ് ഇഡിയുടെ സമൻസിൽ ആവശ്യപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനാകുമായിരുന്നു.
സി.എം.ആർ.എൽ കമ്പനി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്, ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് സമൻസിന് ആധാരം.