ഇന്ധനവില വർദ്ധന യുദ്ധ പ്രഖ്യാപനം: സി.പി.എം 

Saturday 16 May 2026 1:30 AM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനങ്ങൾക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. വിലക്കയറ്റം അതിരൂക്ഷമായിരിക്കെയുള്ള നടപടി ജനജീവിതം ദുരിതമയമാക്കും. ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞപ്പോൾ, ഗുണഫലം നൽകാൻ കേന്ദ്രം തയ്യാറായില്ല. അതേസമയം വില വർദ്ധിച്ചപ്പോൾ കെടുതികൾ ജനങ്ങളുടെ ചുമലിൽ കെട്ടിവയ്ക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കാനും, ചെലവ് ചുരുക്കാനുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. വാണിജ്യ സിലിണ്ടറിന് അഞ്ച് മാസത്തിനിടെ അഞ്ച് തവണ വില വർദ്ധിപ്പിച്ചു. ആയിരക്കണക്കിന് ഹോട്ടലുകൾ പൂട്ടിപ്പോയി. ശേഷിക്കുന്നവയിൽ ഭക്ഷണവില 20 മുതൽ 30 ശതമാനം വരെ ഉയർന്നു. അമിതഭാരം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.