സണ്ണിജോസഫിന് വൈദ്യുതി റവന്യു അനിൽകുമാറിന്
തിരുവനന്തപുരം: മൂന്നു ദിവസത്തെ തർക്കത്തിനൊടുവിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായപ്പോൾ കെ.സി. പക്ഷത്തിന് നേട്ടം. റവന്യൂ വകുപ്പ് സണ്ണിജോസഫിന് നിശ്ചയിച്ചിരുന്നെങ്കിലും കിട്ടിയത് കെ.സിയുടെ വിശ്വസ്തൻ എ.പി. അനിൽകുമാറിന്.
സണ്ണിജോസഫിൽ നിന്ന് റവന്യൂ മാറ്റരുതെന്ന് ചില മുതിർന്ന നേതാക്കൾ നിർദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. വകുപ്പുകളുടെ പട്ടിക ഗവർണർക്ക് കൈമാറി. വിജ്ഞാപനവുമിറങ്ങി.
ഷിബു ബേബിജോണിന് നിശ്ചയിച്ച വനവും കെ. മുരളീധരന് ഉറപ്പിച്ച ദേവസ്വവും അനിൽകുമാറിന് നൽകാമെന്ന ഒത്തുതീർപ്പ് ഫോർമുല കെ.സിവിഭാഗം അംഗീകരിച്ചില്ല. മാത്രമല്ല, വകുപ്പുകൾ വച്ചുമാറാൻ ഷിബുവും മുരളീധരനും വിമുഖത കാട്ടുകയും ചെയ്തു. വനത്തിന് പകരം ഫിഷറീസ് ഷിബുവിന് നൽകി ലത്തീൻ സഭയുടെ പരാതി പരിഹരിക്കാമെന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ വനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഷിബു തുങ്ങിക്കഴിഞ്ഞിരുന്നു. ഒടുവിൽ, ഫിഷറീസ് ലീഗിന് തന്നെ എന്ന തീരുമാനത്തിലെത്തി. ഫിഷറീസ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ലത്തീൻ വിഭാഗത്തിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും വികാരം മറികടന്നാണ് തീരുമാനം.
കെ. മുരളീധരൻ ഹാപ്പി,
മരാമത്ത് പി.കെ.ബഷീറിന്
കെ.മുരളീധരൻ ആഗ്രഹിച്ച പോലെ ആരോഗ്യവും ദേവസ്വവും കിട്ടി. ആദ്യം വൈദ്യുതി വകുപ്പ് തീരുമാനിച്ചെങ്കിലും മുരളീധരൻ എതിർക്കുകയായിരുന്നു.
എക്സൈസ് ഒഴിവാക്കി സഹകരണ, സാംസ്കാരിക വകുപ്പുകൾ നൽകണമെന്ന് എം. ലിജു അഭ്യർത്ഥിച്ചെങ്കിലും എക്സൈസ് നിലനിറുത്തി സഹകരണം കൂടി നൽകി.
പൊതുമരാത്തിനെ ചൊല്ലിയായിരുന്നു ലീഗിൽ തർക്കം. ഒടുവിൽ പി.കെ.ബഷീർ പൊതുമരാമത്ത് നേടി. വി.ഇ. അബ്ദുൾ ഗഫൂറിന് ഫിഷറീസും സാമൂഹ്യനീതി വകുപ്പും.
എ.ഐയ്ക്കും വകുപ്പ്;
മന്ത്രി കുഞ്ഞാലിക്കുട്ടി
എ.ഐയ്ക്ക് ഇതാദ്യമായി വകുപ്പ് രൂപീകരിച്ചു. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ചുമതല. വയോജന ക്ഷേമത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് രൂപരേഖ തയ്യാറാക്കിയശേഷം രണ്ട് മാസത്തിനുള്ളിൽ ഏതെങ്കിലും മന്ത്രിക്ക് ചുമതല നൽകും.
മന്ത്രിമാരും വകുപ്പുകളും
പേജ്-07