കെ.ജി ഓർമ്മയായി
തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന കെ.ജി. പരമേശ്വരൻ നായർക്ക് (95) രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രഗത്ഭരുൾപ്പെടെ ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ഇന്നലെ വൈകിട്ട് 3.30ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ (തൃക്കണ്ണാപുരം സൊസൈറ്രി റോഡ് ഉമാമഹേശ്വരം) സംസ്‌കരിച്ചു. ചെറുമകൻ മഹീന്ദ്രൻ ചിതയ്‌ക്ക് തീകൊളുത്തി.
മൂന്നര പതിറ്റാണ്ടോളം കേരളകൗമുദിക്കൊപ്പം സഞ്ചരിച്ച, നിയമസഭാ റിപ്പോർട്ടിംഗിലെ അതികായനായിരുന്നു കെ.ജി. ബുധനാഴ്ചയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 11 മുതൽ തിരുവനന്തപുരം പ്രസ്‌ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വീട്ടിലും പ്രസ് ക്ലബിലുമെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി കെ. മുരളീധരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജി. സുധാകരൻ, ജി.ആർ.അനിൽ, മുൻ മന്ത്രി വി.ശിവൻകുട്ടി, മേയർ വി.വി. രാജേഷ്, കെ.എസ്. ശബരീനാഥൻ, കരമന ജയൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി യൂണിറ്റ് ചീഫ് എസ്.വിക്രമനും കെ. വിജയരാഘവൻ സ്‌മാരക സമിതിക്ക് വേണ്ടി പ്രസിഡന്റ് വി.എസ്. രാജേഷ്, സെക്രട്ടറി എ.സി. റെജി എന്നിവരും റീത്ത് സമർപ്പിച്ചു.