കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു, സംഭവം വിതുര താവക്കൽ വെള്ളച്ചാട്ടത്തിൽ

Friday 22 May 2026 12:41 AM IST

ഇരുവരും ടെക്‌നോപാർക്ക് ജീവനക്കാർ

വിതുര: വാമനപുരം നദിയുടെ ഭാഗമായ വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു. മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ സുമോദൻ- പ്രിയ ദമ്പതികളുടെ മകൾ അനുപമയാണ് (26) മരിച്ചത്. ഒഴുക്കിൽപ്പെട്ട സുഹൃത്തായ ശ്രുതിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അനുപമയും ഒഴുക്കിൽപ്പെട്ടത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയെ രക്ഷിക്കാനായില്ല.

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ടെക്‌നോപാർക്കിലെ അലയൻസ് കമ്പനിയി‌ലെ ജീവനക്കാരിയായ അനുപമയടക്കം 8 സുഹൃത്തുക്കളാണ് പൊൻമുടി സന്ദർശിക്കാനായി ബൈക്കുകളിൽ എത്തിയത്. താവക്കൽ വെള്ളച്ചാട്ടത്തിനു സമീപത്തെ കടവിൽ അനുപമയും ശ്രുതിയും കൈകോർത്ത് പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ ശ്രുതി കാൽവഴുതി ആറ്റിൽ വീഴുകയായിരുന്നു. ശ്രുതിയെ രക്ഷിക്കുന്നതിനായി അനുപമ വെള്ളത്തിലേക്കു ചാടി. ഇരുവർക്കും നീന്തൽ വശമില്ലാതിരുന്നതിനാൽ രക്ഷപെടാനായില്ല. മഴയായതിനാൽ ജലനിരപ്പു കൂടുതലായിരുന്നു.

ഇരുവരും വീഴുന്നത് കുറച്ചകലെ കുളിച്ചുകൊണ്ടുനിന്ന രണ്ടു അന്യസംസ്ഥാനത്തൊഴിലാളികൾ കണ്ടു. ഇവർ ഓടിയെത്തി വെള്ളത്തിലേക്കു ചാടി ഇരുവരെയും കരയ്ക്കെത്തിച്ചു. അനുപയ്ക്കും ശ്രുതിക്കും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും പൊലീസും ചേർന്ന് ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയെ രക്ഷിക്കാനായില്ല. ശ്രുതിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. അനുപമയുടെ സഹോദരൻ വൈശാഖ്. വിതുര സി.ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചയോടെ നടക്കും.