സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്

Friday 22 May 2026 12:46 AM IST

തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. എൽ.ഡി.എഫും സഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. മുൻമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എ.സി.മൊയ്തീൻ ഇടതുമുന്നണിയുടെയും ബി.ബി.ഗോപകുമാർ ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ. 102 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ സ്പീക്കറാകുമെന്ന് ഉറപ്പ്. രാവിലെ 9ന് പ്രോടെം സ്പീക്കർ ജി.സുധാകരന്റെ അദ്ധ്യക്ഷതയിലാണ് വോട്ടെടുപ്പ്.

ബി.ജെ.പിക്ക് ഇത്തവണ മൂന്ന് അംഗങ്ങളാണ്. മറ്റ് അംഗങ്ങളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവർക്കൊപ്പം എത്തിയാണ് ബി.ബി.ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി.ബേബിക്ക് പത്രിക സമർപ്പിച്ചത്.

ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടില്ല. 23മുതൽ 28വരെ സഭ ചേരില്ല. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്നുവരെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിൻമേൽ ചർച്ച.