സണ്ണി ജോസഫിനെ 'ഒതുക്കിയത്' കെ സി വേണുഗോപാൽ? റവന്യൂ വകുപ്പ് നഷ്‌ടമായത് ഖാർഗെയുടെ ഒറ്റ ഫോൺ സന്ദേശത്തിൽ

Friday 22 May 2026 10:09 AM IST

കണ്ണൂർ: ഇരിക്കൂറിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കെ സി വേണുഗോപാൽ ജയിക്കാൻ സാദ്ധ്യത കുറവാണെന്ന് റിപ്പോർട്ട് നൽകിയതിനാലാണ് സണ്ണി ജോസഫിനെ വൈദ്യുതി വകുപ്പ് നൽകി 'ഒതുക്കിയതെന്ന്' റിപ്പോർട്ട്. ആദ്യം റവന്യൂ വകുപ്പാണ് സണ്ണി ജോസഫിന് നിശ്ചയിച്ചിരുന്നത്. എന്നാൽ, കെ സിയുടെ ഇടപെടലിലൂടെയാണ് അത് മാറ്റി വൈദ്യുതി വകുപ്പ് നൽകിയതെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ നടന്ന ചർച്ചകൾക്കിടെ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി ബന്ധപ്പെട്ടിരുന്നു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മത്സരിക്കാൻ പരിഗണിച്ച ഇരിക്കൂർ മണ്ഡലത്തിലെ വിജയസാദ്ധ്യതയെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഖാർഗെ ആവശ്യപ്പെട്ടു. ഇരിക്കൂറിൽ വിജയസാദ്ധ്യത കുറയ്‌ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നായിരുന്നു സണ്ണി ജോസഫ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ സി ഈ റിപ്പോർട്ട് കണ്ടു. ഇതായിരിക്കാം വകുപ്പ് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

മന്ത്രിമാരെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ കൂടിയാലോചന നടത്തിയാണ് വകുപ്പുകൾ തീരുമാനിച്ചത്. സണ്ണിക്ക് റവന്യൂ വകുപ്പ് നീക്കിവച്ചുകൊണ്ടുള്ള പട്ടിക എഐസിസി അംഗീകരിക്കുകയും ചെയ്‌തു. എന്നാൽ, ഗവർണർക്ക് പട്ടിക കൈമാറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഡൽഹിയിൽ നിന്ന് ഖാർഗെയുടെ ഫോൺസന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചു. റവന്യൂ വകുപ്പ് എ പി അനിൽ കുമാറിന് നൽകണമെന്നും പകരം വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന് നൽകണമെന്നുമായിരുന്നു സന്ദേശം. ഇതോടെ മുഖ്യമന്ത്രി നിസ്സഹായനായി.

കെപിസിസി പ്രസിഡന്റിന് പ്രധാനപ്പെട്ട വകുപ്പ് നൽകാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ പി അനിൽ കുമാറിന് റവന്യൂ വകുപ്പും വിഷ്‌ണുനാഥിന് ടൂറിസം - സാംസ്‌കാരിക വകുപ്പും നൽകിയത് കോൺഗ്രസിൽ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.