പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച: നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യ വസ്തുക്കൾ നഷ്ടമായില്ലെന്ന് ക്ഷേത്ര ഭരണസമിതി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മോഷണം പോയതാണെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി ക്ഷേത്രഭരണ സമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും ക്ഷേത്രഭരണ സമിതി അറിയിച്ചു. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകിയേക്കും. ഇതിനിടെ ഡി.ജി.പിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.
സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് കോടികളുടെ വൻകവർച്ച വ്യക്തമാക്കിയിരുന്നത്. 'വൈരനാമം' ആറുമാസം മുൻപ് പോളിഷ് ചെയ്യുന്നതിന് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ നിന്നും വലിയ തോതിൽ സ്വർണം മോഷണം പോയി. ഇതിൽ 9.75 പവൻ സ്വർണം കുറവുള്ളതായാണ് പ്രാഥമിക കണ്ടെത്തൽ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും അറ്റകുറ്റപ്പണിക്കെന്ന പേരിൽ കടത്തി. ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിൽ ഏഴ് സ്വർണ ദളങ്ങളുള്ള വിളക്കാണ് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്നത്. ഇത് കാണാനില്ലാത്തതിനാൽ വെള്ളി വിളക്കാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്മുഖ് നടത്തിയ പരശോധനയിൽ സ്വർണം ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്ന് റപ്പോർട്ട് നൽകിയിരുന്നു. ക്ഷേത്രത്തിൽ നിന്നു കാണാതായ വെള്ളിക്കിണ്ണം വിവാദമായപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാളുടെ ഡ്രൈവർ തിരിച്ചെത്തിച്ചു. കൊട്ടാരത്തിലുള്ളവർ മാത്രം പ്രവേശിക്കുന്ന ചെമ്പകത്തുംമൂട് വാതിൽ വഴിയാണ് മോഷണ മുതലുകൾ കടത്തുന്നതെന്നാണ് സംശയം. യാതൊരു പരശോധനയോ സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോ ഇവിടെയില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.