യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; ഇന്ദിരാ ഗ്യാരണ്ടിക്ക് മുൻഗണന

Friday 29 May 2026 8:32 AM IST

തിരുവനന്തപുരം: പത്തുവർഷത്തിനുശേഷം അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഇന്ദിരാഗാരണ്ടിയെന്ന പേരിൽ യുഡിഎഫ് പ്രഖ്യാപിച്ച നയങ്ങളിലൂന്നിയായിരിക്കും നയപ്രഖ്യാപനം നടത്തുന്നത്.

വിഡി സതീശന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ ഇന്ദിരാഗാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാൻ തീരുമാനമായിരുന്നു. ജൂൺ 15 മുതൽ കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര, വയോജന വകുപ്പ് എന്നീ കാര്യങ്ങളിലാണ് തീരുമാനമായത്. ഇതിന്റെ തുടർനടപടികൾ സംബന്ധിച്ച് ഇന്ന് വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, വയോജന പെൻഷൻ വർദ്ധന തുടങ്ങിയ കാര്യങ്ങൾ പ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കാം. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ കാര്യത്തിൽ യുഡിഎഫ് സർക്കാരിന്റെ നയം എന്താണെന്നും ഇന്ന് വ്യക്തമാകും. എൽഡിഎഫ് സർക്കാരിന്റെ സിൽവർലൈൻ ഉൾപ്പടെയുള്ള വികസന പദ്ധതികളെ എതിർത്ത യുഡിഎഫ് അതിനുപകരം പുതിയതായി ഏതെങ്കിലും വികസനപദ്ധതി മുന്നോട്ടുവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ അടക്കമുള്ളവയും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കും.

ഒമ്പത് മണിക്കാണ് നയപ്രഖ്യാപനം ആരംഭിക്കുന്നത്. രാവിലെ 8.55 ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചേർന്ന് സ്വീകരിക്കും. കേന്ദ്രനിലപാടുകളോടുള്ള യുഡിഎഫ് സർക്കാരിന്റെ സമീപനം എന്തായിരിക്കുമെന്നും ഇന്നറിയാം.