തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ല ; എൽഡിഎഫ് തിരിച്ചുവരും, ഞങ്ങൾ ഇവിടെത്തന്നെയുണ്ടെന്ന് പിണറായി വിജയൻ
കണ്ണൂർ ; തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും എൽ.ഡി.എഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ വേതാവ് പിണറായി വിജയൻ പറഞ്ഞു. ജന്മനാട്ടിൽ ഇടതുമുന്നണി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷം നാടിന്റെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. നല്ല ഫലം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് അനുഭവത്തിൽ കാണാൻ കഴിഞ്ഞത്. പുതിയ സർക്കാരിന്റെ സമീപനം എന്തെന്ന് നാടാകെ ശ്രദ്ധിക്കണം. നാടിന്റെ താത്പര്യത്തിനെതിരായി പ്രവർത്തിച്ചാൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് സമയത്ത്, ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കാൻ ഭരണം മാറണം എന്ന് ചിലർ പ്രചരിപ്പിച്ചു. എൽ.ഡി.എഫ് തിരിച്ചുവരും. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. സി.പി.എമ്മിന്റെ എതിർക്കുന്നതിന്റെ ഭാഗമായി അതിന്റെ പ്രതീകമായി നിൽക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. എന്നാൽ ഒരു ഘട്ടത്തിലും സി.പി.എം പുറകോട്ട് പോയിട്ടില്ല. കളങ്ക രഹിതമായാണ് സി.പി.എമ്മിന്റെ നേതൃത്വം നിലനിൽക്കുന്നതെന്നും പിണറായി പറഞ്ഞു.