'പരാതി നല്‍കിയാല്‍ റെജിയുടെ പദവി തെറിക്കും', മണ്ണ് വാരാനല്ല പോയത്; പരസ്പരം വിമര്‍ശിച്ച് യുഡിഎഫ് എംഎല്‍എമാര്‍
ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍. അമ്പലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേയിലും പൊഴിയിലും റെജി ചെറിയാന്‍ തന്നെ അറിയിക്കാതെ സന്ദര്‍ശനം നടത്തിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഒരു എംഎല്‍എ മറ്റൊരു എംഎല്‍എക്ക് മുകളില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
റെജി ചെറിയാന് പണത്തിന്റെ പേരിലുള്ള അഹങ്കാരമാണെന്നും നിയമസഭയിലെ എത്തിക്‌സ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ സ്ഥാനം വരെ നഷ്ടമാകുമെന്നും സുധാകരന്‍ കടുപ്പിച്ചു. റെജി ചെറിയാന്റെ സ്ഥാപനത്തില്‍ പല നേതാക്കളും വെള്ളമടിക്കാന്‍ പോകുന്നുണ്ടാകും, അങ്ങനെ പോകുന്ന പലരേയും അറിയാം. എന്നാല്‍ താന്‍ അവിടെ പോകാത്തത് കൊണ്ട് തന്നെ തന്നോട് സ്‌നേഹം കാണില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
''ഒരു രാഷ്ട്രീയവുമില്ലാതെ നാലോ അഞ്ചോ പാര്‍ട്ടി മാറി ഇപ്പോള്‍ എംഎല്‍എ ആയ ആള്‍ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദര്‍ശിച്ചത്. അതും ആദ്യമായി എംഎല്‍എ ആകുന്നയാള്‍. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ്. സ്പില്‍വേയില്‍ തകര്‍ന്നു കിടക്കുന്ന ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കരിമണല്‍ കയറ്റിയ ചില ലോറികള്‍ അടൂരിലേക്ക് പോകുന്നു. ഇങ്ങനെ കള്ളക്കടത്ത് നടത്തുകയാണ്. ഒരു കലക്ടര്‍മാരും ഇത് മര്യാദയ്ക്ക് നോക്കിയില്ല''. - ജി.സുധാകരന്‍ പറഞ്ഞു.
അതേസമയം, ജി സുധാകരന് മറുപടിയുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ രംഗത്ത് വന്നു. സുധാകരന്‍ ഇപ്പോഴും സിപിഎമ്മില്‍ ആണെന്നാണ് ധരിച്ചിരിക്കുന്നതെന്നും താന്‍ അവിടെ പോയത് മണ്ണ് വാരി കൊണ്ട് പോകാനല്ലെന്നും റെജി ചെറിയാന്‍ തിരിച്ചടിച്ചു.