"പൊന്നണിഞ്ഞില്ല,​ പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു" മകളുടെ വിവാഹത്തെ കുറിച്ച് സി സദാനന്ദൻ എംപി

Friday 29 May 2026 8:50 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച് മകളുടെ വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തിതിനെ കുറിച്ച് വിശദമാക്കി സി. സദാനന്ദൻ എം.പി. നാടു നേരിടുന്ന വലിയ വെല്ലുവിളി മറികടക്കാൻ ഏഴുപായങ്ങൾ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിലൊന്നാണ് വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തണമെന്നത്. ആദരപൂർവം മോളതു സ്വീകരിച്ചു ഫാൻസി ആഭരണങ്ങൾ മാത്രമണിഞ്ഞ് മകൾ കതിർ മണ്ഡപത്തിലെത്തിയെന്നും മോദിജിയുടെ ഉപദേശം പൂർണമായും പാലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സി. സദാനന്ദൻ എംപിയുടെ മകൾ യമുനാ ഭാരതി വിവാഹിതയായത്. മാദ്ധ്യമപ്രവർത്തകനായ ശ്രീകാന്ത് എസ്. പിള്ളയാണ് വരൻ.

സി. സദാനന്ദൻ എം.പിയുടെ കുറിപ്പ്

പൊന്നണിഞ്ഞില്ല....

പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു

മോളുടെ വിവാഹം സമംഗളം ഗുരുവായൂർ നടയിൽ ഇന്നലെ നടന്നു. ഒരുപാടുപേർ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മംഗളാശംസകൾ നേർന്നു. എല്ലാവർക്കും ഹൃദയപൂർവം നന്ദി.

അഭിമാനത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. നാടു നേരിടുന്ന വലിയ വെല്ലുവിളി മറികടക്കാൻ ഏഴുപായങ്ങൾ ആരാധ്യനായ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിലൊന്നാണ് വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തണമെന്നത്. ആദരപൂർവം മോളതു സ്വീകരിച്ചു. ശ്രീകാന്ത് പ്രത്യേകം താല്പര്യമെടുത്തു. നമുക്കങ്ങനെ മതിയെന്ന് രണ്ടു പേരും തീരുമാനിച്ചു. കുടുംബാംഗങ്ങൾ പിന്തുണയേകി. ഫാൻസി ആഭരണങ്ങൾ മാത്രമണിഞ്ഞ് അവൾ കതിർ മണ്ഡപത്തിലെത്തി. മോദിജിയുടെ ഉപദേശം പൂർണമായും പാലിച്ചു.

ഏറെ ചാരിതാർത്ഥ്യം....

ആരെങ്കിലും ഒരാളെങ്കിലും, എന്നാൽ ഞാനുമങ്ങനെ എന്നു തീരുമാനിച്ചാൽ കൃതാർത്ഥനായി.